‘സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’; രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പറ്റില്ല. കാരണം ഞാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. എന്നോട് മത്സരിക്കാന്‍ പറഞ്ഞത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ എത്തുന്നതും.

പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തില്‍ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് വിവരം.

ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights