ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രതീഷിന്റെ ബന്ധുവായ അനൂപ് വിശ്വനാഥനെ പോലിസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു.കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നു. വയറിംഗ് തൊഴിലാളിയായ അനൂപ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൂക്കുപാലം ടൗണില്‍ വച്ച് വാഹനം തടഞ്ഞുനിര്‍ത്തി രതീഷിനെ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രതീഷിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന തൂക്കുപാലം സ്വദേശികളായ സനല്‍, സഞ്ജു എന്നിവര്‍ക്കും തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കിയിൽ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച രണ്ടു പേർക്ക് പരിക്ക്








