ചെന്നൈ: ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാംപില്‍. ലോകകപ്പിനു ശേഷം നാട്ടില്‍ അവധി ആഘോഷിച്ചാണ് സഞ്ജു സിഎസ്‌കെ ടീം ക്യാംപിലേക്ക് എത്തിയത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഈ സീസണില്‍ 18 കോടിയ്ക്കാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. താരത്തിന്റെ വരവ് ചെന്നൈ സമൂഹ മാധ്യമ പേജില്‍ ആഘോഷമാക്കുകയും ചെയ്തു.
ഇത് സഞ്ജുവിന്റെ മൂന്നാം ഐപിഎല്‍ ടീമാണ്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിലും പിന്നീട് രാജസ്ഥാന്‍ റോയല്‍സ് ടീമിലും കളിച്ചു. രാജസ്ഥാന്‍ ടീമിന്റെ നായകനായും ഏറെ നാള്‍ താരം കളിച്ചു. അവരെ ഫൈനല്‍ വരെ എത്തിക്കാനും സഞ്ജുവിനു സാധിച്ചിരുന്നു.
മിന്നും ഫോമിലാണ് താരം ചെന്നൈ ക്യാംപിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ ഹാട്രിക്ക് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനു സാധിച്ചിരുന്നു.
സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തില്‍ വിന്‍ഡീസിനെതിരെ 97 റണ്‍സും സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനേതിരേയും താരം 89 റണ്‍സ് വീതവും അടിച്ചെടുത്തു. ടൂര്‍ണമെന്റില്‍ താരം 321 റണ്‍സാണ് സ്വന്തമാക്കിയത്. ലോകകപ്പിന്റെ താരമായും സഞ്ജു മാറി.
സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി താരം ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുഷ് മാത്രെയും സഞ്ജുവും ചേര്‍ന്നായിരിക്കും ഇന്നിങ്സ് തുടങ്ങുക. ഈ മാസം 28 മുതലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ചെന്നൈയുടെ ആദ്യ മത്സരം 30നാണ്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍ എന്നതാണ് മറ്റൊരു കൗതുകം. ഗുവാഹത്തിയിലാണ് പോരാട്ടം









