ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്കെതിരെ 12 ഗള്‍ഫ് അറബ് ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്തമായി എടുത്ത നിലപാടിനെ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിനെതിരായ നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാര്‍ത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങള്‍ തങ്ങളുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കരുതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ആക്രമണങ്ങള്‍ക്ക് സൗകര്യം ചെയ്യുന്നതും പിന്തുണയ്ക്കുന്നതും ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ തുല്യ പങ്കാളിയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി. തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇറാന്‍ അറിയിച്ചു.
മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന സാമ്പത്തിക-ആയുധ സഹായങ്ങള്‍ നിര്‍ത്തണമെന്നും സമാധാനം തകര്‍ക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള 12 ?ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.
ഹോര്‍മുസ് കടലിടുക്കും ബാബ് അല്‍ മന്ദബ് പാതയും അടയ്ക്കാന്‍ ശ്രമിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ആഗോള ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുക എന്നത് നിര്‍ണ്ണായകമാണ്. റിഫൈനറികള്‍ക്കും എണ്ണപ്പാടങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയാല്‍ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.
ഗള്‍ഫ് രാഷ്ട്രങ്ങളുമായി നിരന്തര ചര്‍ച്ചകള്‍ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിര്‍ണ്ണായകമായ കൂടിക്കാഴ്ച നടത്തി. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോര്‍മുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.









