കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മാനന്തവാടി മണ്ഡലത്തില്‍ തന്നെ ഒരുവിഭാഗം നേതാക്കള്‍ ചതിച്ച് തോല്‍പ്പിച്ചെന്ന് മുന്‍ മന്ത്രി പികെ ജയലക്ഷ്മി. തന്റെ കെട്ടുകണക്കിന് പോസ്റ്ററുകള്‍ പുഴയില്‍ ഒഴുക്കിയെന്നും ഈ ചതി തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ജയലക്ഷ്മി പറഞ്ഞു. വീടുകള്‍ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. ഇനി ഇത്തരം ചതികള്‍ ആവര്‍ത്തിക്കരുതെന്നും ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.’കഴിഞ്ഞ രണ്ടു തവണയും യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു. തന്റെ കെട്ടുകണക്കിന് പോസ്റ്ററുകള്‍ മാനന്തവാടി മണ്ഡലത്തിലെ വിവിധ പുഴകളിലേക്ക് വലിച്ചെറിഞ്ഞത് നമ്മളാരും കണ്ടില്ല. അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ മരത്തണലില്‍ നിര്‍ത്തിയിട്ട് അനൗണ്‍സ് ചെയ്യുന്ന ആളുകള്‍ കിടന്നുറങ്ങിയത് നമ്മളാരും കണ്ടിട്ടില്ല. അങ്ങനെ ഒരുപാട് ചതികളൊരുക്കി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ ഓരോ വീടുകളിലും കയറിചെന്ന് പി.കെ. ജയലക്ഷ്മിക്ക് വോട്ട് ചെയ്യേണ്ടെന്ന് പറഞ്ഞ ആളുകളടക്കമുണ്ട്. അവരുടെ പേരുകളൊന്നും ഞാന്‍ എടുത്തുപറയുന്നില്ല’ -പി.കെ. ജയലക്ഷ്മി പറഞ്ഞു.താന്‍ ഇതൊക്കെ സൂചിപ്പിച്ചത് ഇനി അത്തരത്തിലുള്ള അനുഭവം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഉണ്ടാകാതിരിക്കാനാണെന്നും ജയലക്ഷ്മി വ്യക്തമാക്കി. വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെയും നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സരരംഗത്തുള്ളത് 22 സ്ഥാനാര്‍ഥികള്‍. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരാണ് ഉള്ളത്. ഉഷ എംഎ. (ഐഎന്‍സി), കേളു ഒആര്‍. (സിപിഎം), ശ്യാംരാജ് പി (ബിജെപി) എന്നിങ്ങനെയാണ്.
ചതി തിരിച്ചറിയാന്‍ കഴിഞ്ഞില്ല; ഒരുവിഭാഗം നേതാക്കള്‍ തോല്‍പ്പിച്ചു; കെട്ടുകണക്കിന് പോസ്റ്റര്‍ പുഴയിലൊഴുക്കി; തുറന്നടിച്ച് പികെ ജയലക്ഷ്മി









