വോട്ട് ചെയ്യാന്‍ ജാമ്യം വേണമെന്ന് രഞ്ജിത്ത്; ക്രിമിനല്‍ കേസ് പ്രതിക്ക് അവകാശമില്ലെന്ന് സര്‍ക്കാര്‍; ജയിലില്‍ തുടരും

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. ഇടക്കാല ജാമ്യ ഹര്‍ജി കോടതി തള്ളി. നാളെ തെരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാള്‍ ഉണ്ടാകും.രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ നാളെ വോട്ടെടുപ്പാണെന്നും വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം പ്രോസിക്യൂഷന്‍ എതിര്‍ത്തു. വോട്ട് ചെയ്യണമെന്ന ഒരു കാര്യം വച്ചുമാത്രം ജാമ്യം അനുവദിക്കരുതെന്നും 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തളളിയത്. ജാമ്യാപേക്ഷ മറ്റാന്നാള്‍ പരിഗണിക്കും. അന്നുതന്നെ ഉത്തരവുണ്ടാകും.രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ രഞ്ജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പിറ്റേന്ന് (ഏപ്രില്‍ 10ന്) ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. യുവനടി നല്‍കിയ പരാതിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് രഞ്ജിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights