ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു: ഉഷാ വിജയന്‍

മാനന്തവാടി: മാനന്തവാടി മണ്ഡലത്തില്‍ മന്ത്രി ഒ.ആര്‍. കേളുവിനെ അട്ടിമറിച്ച് ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്‍ തന്റെ വിജയത്തില്‍ വോട്ടര്‍മാര്‍ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി. ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റായി മാറിയതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.’മാനന്തവാടിയിലെ മുഴുവന്‍ വോട്ടര്‍മാരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ഒരു ടീം യു.ഡി.എഫ് സംവിധാനത്തിലാണ് ഞാന്‍ ഇവിടെ വിജയിച്ചു വന്നിരിക്കുന്നത്,’ ഉഷാ വിജയന്‍ പറഞ്ഞു. യു.ഡി.എഫിന്റെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി നിന്ന് വളരെ കൃത്യതയോടെ പ്രവര്‍ത്തിച്ചതാണ് ഈ വലിയ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയെ തന്നെ പരാജയപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു വ്യക്തിയെയല്ല തങ്ങള്‍ ടാര്‍ഗറ്റ് ചെയ്തതെന്നും മറിച്ച് കേരളത്തിലെ നിലവിലെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നും അവര്‍ വ്യക്തമാക്കി. മാനന്തവാടി എന്നും യു.ഡി.എഫിന്റെ മണ്ണാണെന്നും അത് തിരിച്ചുപിടിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും ഉഷാ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും, സ്ഥാനാര്‍ത്ഥിയായ നിമിഷം മുതല്‍ തനിക്കും മുന്നണിക്കും വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. മാനന്തവാടി തിരിച്ചുപിടിക്കുന്നതിനൊപ്പം ബത്തേരിയും കല്‍പ്പറ്റയും യു.ഡി.എഫ് നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ഉഷാ വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights