ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.ബുധനാഴ്ച വടക്കന്‍ 24 പര്‍ഗാനാസിലെ സന്ദേശ്ഖാലി പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ നജാത്ത് പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്കും ഒരു ജവാനും വെടിയേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്ടര്‍ ജനറല്‍ (DGP), കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍, സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്കും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും പൊലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷവും അക്രമ സംഭവങ്ങള്‍ തുടരുകയാണ്. ചൊവ്വാഴ്ചയുണ്ടായ അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുപുറമെ കൊല്‍ക്കത്തയിലും മറ്റ് ജില്ലകളിലുമായി നിരവധി പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ 207 സീറ്റുകള്‍ നേടി ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.








