ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിയായ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയാണ്, കൂടുതല്‍ വിശദമായ വിശകലനം നടത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്.ആന്റണി, സുധീരന്‍, മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെല്ലാം ജനവികാരം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സുധീരനും മുരളീധരനും വി ഡി സതീശനെയാണ് പിന്തുണച്ചത്. യുഡിഎഫിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സതീശനാണെന്നും, പണിയെടുത്തവര്‍ക്ക് നേട്ടം കിട്ടണമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. നീതിയുക്തമായ തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും കേരളത്തിലെ ജനവിധി അതിനാണെന്നുമാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധീരൻ വ്യക്തമാക്കിയത്. ‘ഒരുപാട് തെരഞ്ഞെടുപ്പുകളും മന്ത്രിസഭാ രൂപവത്കരണങ്ങളും കണ്ടിട്ടുള്ള താൻ ഇതുപോലൊരു ജനവികാരം ആദ്യമായാണ് കാണുന്നത്. വീട്ടമ്മമാർ മുതൽ മുതിർന്നയാളുകൾ വരെയുള്ളവർ സതീശനൊപ്പമാണ്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അവരുടെ പ്രതിഷേധം കാണേണ്ടിവരും. സതീശന് അനുകൂലമായ ജനകീയ പ്രതികരണം ആസൂത്രിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല’ എന്നും സുധീരൻ പറഞ്ഞു.അതേസമയം മുൻ കെപിസിസി പ്രസിഡന്റുമാരായ കെ സുധാകരൻ, എംഎം ഹസ്സൻ എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനും വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ ഒരു വിഭാഗത്തിനും ഒപ്പമില്ലെന്നും, ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് തിരുവഞ്ചൂർ പിന്നീട് പ്രതികരിച്ചത്. അതേസമയം, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ കെസി വേണുഗോപാലിനായി അണിനിരന്നു. കെസി- വിഡി തർക്കം രൂക്ഷമായിരിക്കെ, സമവായ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.







