കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം പെട്രോള്‍ എന്ന് പൊലീസ് നിഗമനം. കാറിനുള്ളില്‍ പെട്രോള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. തീ കത്താന്‍ ഉപയോഗിച്ച പെട്രോള്‍ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.കാറിനു ഇന്ധന ചേര്‍ച്ച ഇല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചതല്ലെന്നും ഫൊറന്‍സിക്, മോട്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പെട്രോള്‍ പമ്പുകളിലും ടൗണിലെ സിസിടിവിയിലും പൊലീസ് പരിശോധന നടത്തി. വാഹനത്തില്‍ എത്താതെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയ ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിസിടിവിയിലെ ദൃശ്യങ്ങള്‍ ഇന്നു കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. കാറിന്റെ പിന്‍ഭാഗത്തുനിന്നു തീ പടര്‍ന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എസി, റേഡിയേറ്റര്‍, വയറിങ്, എന്‍ജിന്‍ റൂം എന്നിവയ്ക്കു തകരാറില്ലെന്നു മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.തിരികെവന്ന ശേഷമാണു രജിന്‍ലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രജിന്‍ ലാലിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകും. പേരാമ്പ്രയില്‍ ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല. അപകടത്തില്‍ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights