തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയില്‍ പാഴ്‌സല്‍ സര്‍വീസിന്റെ മറവില്‍ രാസലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്‌സല്‍ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്. കാര്‍ഗോ ബോക്‌സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
ദേശീയപാതയില്‍ കൊടകര പേരാമ്പ്ര ഫ്‌ലൈഓവറിന് സമീപം ഇന്ന് പുലര്‍ച്ചെ 02.45ഓടെ പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ രാസലഹരി ശേഖരം പിടികൂടിയത്. ലോറിയിലെ കാര്‍ഗോ ബോക്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 198 ഗ്രാം എംഡിഎംഎയും നാല് എല്‍എസ്ഡി സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തു. കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പാഴ്സല്‍ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിലാണ് ലഹരി കടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.
ബെംഗളൂരുവില്‍നിന്ന് പാഴ്സലുകള്‍ക്കൊപ്പം ലഹരിമരുന്നും ലോറിയില്‍ കയറ്റുന്നത് ഇയാളുടെ പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു. എറണാകുളം കേന്ദ്രീകരിച്ച് വന്‍കിട ഇടപാടുകാര്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതായിരുന്നു രീതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡാന്‍സാഫും കൊടകര പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ ലഹരി ശേഖരം കണ്ടെത്തിയത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഫാസിലിനെ റിമാന്‍ഡ് ചെയ്തു.









