തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആര്‍ഡി ചേംബറില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ആണ് ഫലം പ്രഖ്യാപിക്കുന്നത്.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.
ഹയര്‍ സെക്കന്‍ഡറിയില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,826 വിദ്യാര്‍ഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 77.81 ശതമാനവും വിഎച്എസ്ഇയില്‍ 70.06 ശതമാനവുമാണ് വിജയം.









