തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയെ ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുളളുവെന്നും ഇത്തരം നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവന്തപുരത്തെ വാടകവീട്ടിലെ ഇഡി പരിശോധനയക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
‘ഈ പരിശോധന ചിലര്‍ക്കെല്ലാം മനസംതൃപ്തി നല്‍കുന്നു എന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു അയാളുടെ ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തിനും പ്രവര്‍ത്തകര്‍ക്ക് നേരയുമുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടിയാണ് എല്ലാ കാലത്തും ബിജെപി സര്‍ക്കാര്‍ തുടരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
ഇതുകൊണ്ട് ഒന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളു. ഇത്തരം നടപടികള്‍ കൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല. ഇവിടെ പ്രകടമായത് നാടിന്റെ വികാരവും പാര്‍ട്ടി സഖാക്കളുടെ വികാരവുമാണ്. പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാന്‍ ഒരുങ്ങിയ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭ്യമായിട്ടുള്ളത.് ആ പിന്തുണയ്ക്കും ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് ഇന്ന് കണ്ടത്. ഏതിനെയും നമുക്ക് ഒന്നിച്ച് നേരിടാം. ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ച് നമുക്ക് ഇറങ്ങാം. പറയാന്‍ ഒരുപാട് കാര്യം ഉണ്ട്. അത് പിന്നീട് പറയാം’- പിണറായി വിജയന്‍ പറഞ്ഞു.
ഇഡി പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വന്‍ സംഘര്‍ഷമാണ് ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥര്‍ കാറില്‍ കയറിയ ശേഷം സംഘര്‍ഷം കനക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.









