തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദ് അമ്മയുടെ സാന്നിധ്യത്തില്‍ ക്രൂരമര്‍ദ്ദത്തിന് ഇരയായെന്ന് പൊലീസ്. കേസിലെ പ്രതി അഷ്‌കര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന അമ്മ അഖില കുറ്റസമ്മതമൊഴി നല്‍കിയതായും പൊലീസ് പറയുന്നു. അഖിലയുടെ കണ്‍മുന്‍പില്‍ വടി കൊണ്ടും കൈ കൊണ്ടും കുട്ടിയെ അഷ്‌കര്‍ നിരന്തരം മര്‍ദ്ദിച്ചു. കുട്ടിയെ തല്ലുന്നത് അമ്മ തടഞ്ഞില്ലെന്ന് മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം ഒളിച്ചുവെച്ചന്നും പൊലീസ് പറയുന്നു. എന്നാല്‍ മരണദിവസം കുഞ്ഞിനെ മര്‍ദ്ദിക്കുമ്പോള്‍ അഖില വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇരുവര്‍ക്കുമെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ആദ്യ ഭാര്യയെ അഷ്‌കര്‍ ക്രൂരമായി മര്‍ദ്ദിച്ചത് പൊലീസ് അന്വേഷിക്കും. ഇന്നലെ അഷ്‌കറിനെതിരെ ആദ്യ ഭാര്യയുടെ അമ്മ രംഗത്തുവന്നിരുന്നു. അഷ്‌കറിന്റെ തുടര്‍ച്ചയായ മര്‍ദ്ദനത്തിനെ തുടര്‍ന്ന് മകള്‍ കോമ സ്‌റ്റേജിലേക്ക് പോയതായാണ് അമ്മയുടെ പ്രധാന ആരോപണം. രണ്ടുവര്‍ഷത്തോളമായി ആശുപത്രിയില്‍ ചികിത്സയിലാണെന്നും അമ്മ പറയുന്നു.അഖില ജോലി ചെയ്യുന്ന ഡാന്‍സ് സ്‌കൂളില്‍ ഒപ്പം ജോലി ചെയ്തിരുന്ന ചിറയിന്‍കീഴ് സ്വദേശിനിയുടെ ദുരൂഹമരണവും അന്വേഷണ പരിധിയില്‍ വരും. അഷ്‌കര്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. അഖിലയുടെ കൂടെ അഷ്‌കര്‍ താമസം തുടങ്ങിയതിന് പിന്നാലെയായിരുന്നു ചിറയിന്‍കീഴ് സ്വദേശിനിയുടെ മരണമെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമേ അഖിലയുടെ ആദ്യ ഭര്‍ത്താവ് ജീവനൊടുക്കിയതിന് പിന്നിലെ കാരണങ്ങളും പൊലീസ് തേടും. അഖിലയെ ആദ്യ ഭര്‍ത്താവായ അഖില്‍ സ്‌നേഹിച്ച് വിവാഹം കഴിച്ചതാണ്. അഖില മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് അഖില്‍ ജീവനൊടുക്കിയത്. ഈസമയത്ത് അഷ്‌കറും അഖിലും തമ്മില്‍ പരിചയക്കാരായിരുന്നു. അഖിലയും അഷ്‌കറും ഡാന്‍സ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. അഖില അവിടത്തെ ഡാന്‍സറാണ്. അഷ്‌കര്‍ ഡാന്‍സ് സ്‌കൂളിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവറായിരുന്നു. അഖിലയുടെ പെരുമാറ്റത്തിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് അഖിലിന്റെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.കുഞ്ഞിന്റെ മരണദിവസം അഖില വീട്ടില്‍ ഉണ്ടായിരുന്നില്ല. ഡാന്‍സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് അഖില തമിഴ്‌നാട്ടിലായിരുന്നു. അര്‍ഷിദിനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോള്‍ കരഞ്ഞതിനാലെന്നാണ് അമ്മയുടെ സുഹൃത്ത് അഷ്‌കറിന്റെ മൊഴി. ദേഷ്യം വന്നപ്പോള്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും അഷ്‌കര്‍ പൊലീസിനോട് പറഞ്ഞു. അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് അറിയാമായിരുന്ന അഖില എന്തുകൊണ്ട് കുട്ടിയെ അഷ്‌കറിന്റെ അരികിലാക്കി തമിഴ്‌നാട്ടിലേക്ക് പോയി എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.









