‘മകള്‍ ആത്മഹത്യ ചെയ്യില്ല, ഭര്‍ത്താവിനെ സംശയം, വാട്‌സാപ്പ് ചാറ്റ് തെളിവ്’; പരാതിയുമായി കാര്‍ത്തികയുടെ കുടുംബം

കൊല്ലം: അഞ്ചല്‍ സ്വദേശിയും ഐടി ഉദ്യോഗസ്ഥയും ആയിരുന്ന കാര്‍ത്തിക വി.നായരുടെ (35) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കാര്‍ത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കര്‍ ഭവനില്‍ എസ്. വേണുഗോപാലന്‍ നായരും ഭാര്യ കെ.ജി.ഇന്ദിരകുമാരിയുമാണ് മരണത്തില്‍ സംശയം ഉന്നയിച്ച് മുഖ്യമന്ത്രിയേയും സംസ്ഥാന പൊലീസ് മേധാവിയേയും സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 20 നാണു കാര്‍ത്തിക ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മകള്‍ ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ലെന്നും അപായപ്പെടുത്തിയതാകാമെന്നാണു മാതാപിതാക്കള്‍ പറയുന്നത്.

എംടെക് ബിരുദധാരിയായ കാര്‍ത്തികയുടെ വിവാഹം 2018ല്‍ ആയിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഭര്‍ത്താവിനും അഞ്ചു വയസ്സുകാരിയായ മകള്‍ക്കും ഒപ്പം ബംഗളൂരുവില്‍ ആയിരുന്നു താമസം. മകള്‍ മരിച്ച വിവരം അറിഞ്ഞു ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ ചെന്നപ്പോള്‍ കൂടുതല്‍ സംശയം ഉണ്ടായതായി വേണുഗോപാലന്‍ നായര്‍ പറയുന്നു.അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകള്‍, കഷ്ടിച്ച് ആറടി ഉയരമുള്ള ശുചിമുറിയുടെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ചു എന്നതു വിശ്വസിക്കാന്‍ കഴിയാതായപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി അറിയുന്നില്ല. പൊലീസിന്റെ നിലപാട് സംശയകരമാണ്. കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണു കുടുംബത്തിന്റെ തീരുമാനം.

മരിച്ച കാര്‍ത്തികയുടെ ഭര്‍ത്താവിനെതിരെയാണ് മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. കാര്‍ത്തികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. സംഭവ ദിവസം അമ്മ ഇന്ദിര കുമാരിയുമായി കാര്‍ത്തിക ഫോണില്‍ സംസാരിച്ചിരുന്നു. കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതില്‍ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് കാര്‍ത്തികയുടെ ഭര്‍ത്താവ് ഫ്‌ലാറ്റിനു സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ലിഫ്റ്റില്‍ കയറാതെ നിഖില്‍ സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights