നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ആശ്രിത നിയമനം നല്‍കാനും കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായിട്ടാണ് വിഷയം പരിഗണിച്ചത്.നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐക്ക് വിട്ടുകൊണ്ട് ഉടന്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. കേസ് ഏറ്റെടുക്കുന്നതില്‍ ഇനി സിബിഐയാണ് നിലപാട് സ്വീകരിക്കേണ്ടത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയാണ് ഏക പ്രതി.

നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. അക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം കേസ് സിബിഐക്ക് വിടാന്‍ തീരുമാനമെടുത്തത്.അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സിപിഎം എതിര്‍ക്കുകയാണ്. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വിലയിരുത്തിയതാണെന്നും, കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ആരോപിക്കുന്നു. വിഡി സതീശന്‍ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെയാണ് അമിതമായി വിശ്വസിക്കുന്നതെന്നും സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.നവീന്‍ബാബുവിന്റെ യാത്രയയപ്പു വേളയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി പി ദിവ്യ നടത്തിയ പ്രസംഗമാണ് സംഭവത്തിന് തുടക്കം. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യ ആരോപിച്ചത്. ആരോപണത്തില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തന്റെ, പാര്‍ട്ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ നിലവില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights