കൊച്ചി: ‘അമ്മ’യിൽ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിക്കാൻ തീരുമാനം. ആരാണ്, എന്താണ് എന്നുള്ള കാര്യം അവരെ ഇമെയിലിലൂടെ അറിയിക്കുമെന്നും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെയാണ് രൂപീകരിച്ചത്.അഞ്ചംഗ സമിതിയിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്തുനിന്നുള്ള അംഗങ്ങളുമുണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുക. ടിനി ടോമിനെതിരെ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം.
നമ്മുടെ സംഘടനയിലുള്ള ചിലയാളുകൾ അനുവാദമില്ലാതെ ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. മാധ്യമങ്ങളെ കണ്ട ഇസി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നിയമപരമായി കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു.”മാധ്യമങ്ങളിലൂടെ ഒരു വശം മാത്രമാണ് അറിയുന്നത്. സത്യമായിട്ടുള്ള കഥ ആർക്കും അറിയില്ല. നമ്മുടെ ജനറൽ ബോഡി മുൻപാകെയാണ് പരാതി എടുക്കുന്നത്. ഒരു ഓഡിയോ പുറത്തുവന്നിരുന്നു. വാച്ച്മാനുമായി ജനറൽ സെക്രട്ടറി സംസാരിച്ച ഒരു ഓഡിയോ.
അത് ജനറൽ സെക്രട്ടറിയുടെ പേഴ്സണൽ ഫോണിൽ നിന്നാണ് ലീക്കായത്. അതിന്റെ ഉത്തരവാദിത്വം ജനറൽ സെക്രട്ടറി ഏറ്റെടുത്തിട്ടുണ്ട്. ഞാനാണ് ആ വോയ്സ് മാല പാർവതിക്ക് കൊടുത്തതെന്ന് ജനറൽ സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. രമ്യമായി തന്നെയാണ് നമ്മൾ ഇത് കേട്ടത്. മീഡിയ മുൻപാകെ വന്ന കാര്യങ്ങളല്ല സത്യം.ഇതൊരു ചാരിറ്റി സംഘടനയാണ്. അതിലെ ഓരോ അംഗങ്ങളും ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്കത് ചെയ്യാൻ പറ്റില്ല. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു പാനലുമുണ്ടാകില്ല. അതല്ലാതെ പുറത്തുനിന്ന് അമ്മയിലെ വേറെ മൂന്ന് അംഗങ്ങളുമുണ്ടാകും.അഞ്ച് പേരടങ്ങിയ പാനൽ ആണ് രൂപീകരിക്കുന്നത്. ഓഡിയോ ലീക്കായത് സംബന്ധിച്ചുള്ള ബാക്കി നടപടികൾ ഇസിയാണ് തീരുമാനിക്കുന്നത്. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസ് നമ്മൾ അയക്കും. നാലഞ്ച് ദിവസത്തിനുള്ളിൽ എല്ലാവരും മറുപടി തരുകയും വേണം”. – ശ്വേത മേനോൻ പറഞ്ഞു.









