മകനെ പരിചരിക്കാന്‍ ജോലി ഉപേക്ഷിക്കുന്നുവെന്ന് യുവാവ്; രാജിക്കത്ത് സ്വീകരിക്കാതെ തൊഴിലുടമ, നല്‍കിയ മറുപടി വൈറൽ

ന്യൂഡല്‍ഹി: ഗുരുതര രോഗം ബാധിച്ച മകനെ പരിചരിക്കുന്നതിന് രാജിവെയ്ക്കാൻ ഒരുങ്ങിയ ജീവനക്കാരന് തൊഴിലുടമ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കി. തൊഴിലുടമ തന്നെയാണ് സംഭവം എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മകന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അവനൊപ്പം പൂര്‍ണ സമയവും ചെലവഴിക്കുന്നതിന് ജോലി രാജിവെയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്നുമായിരുന്നു ജീവനക്കാരന്‍ തൊഴിലുടമയോട് പറഞ്ഞത്. എന്നാല്‍ ജോലി രാജിവെയ്‌ക്കേണ്ടെന്നും താങ്കള്‍ വരുന്നതുവരെ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുമെന്നുമായിരുന്നു തൊഴിലുടമ പറഞ്ഞത്. പണത്തിന്റെ കാര്യമോര്‍ത്ത് ടെന്‍ഷനടിക്കേണ്ടതില്ലെന്നും തൊഴിലുടമ പറഞ്ഞു. അങ്കിത് പാണ്ഡെ എന്നാണ് തൊഴിലുടമയുടെ പേര്. അദ്ദേഹം തന്നെയാണ് എക്‌സിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം എന്നാണ് അങ്കിത് പോസ്റ്റില്‍ പറയുന്നത്. പത്ത് വര്‍ഷത്തോളം തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരന്‍ പെട്ടെന്ന് ഒരു ദിവസം വന്ന് ജോലി രാജിവെയ്ക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അങ്കിത് പാണ്ഡെ പറയുന്നു. എന്താനാണ് ജോലി രാജിവെയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.’മകന്റെ ആരോഗ്യനില മോശമാണെന്നും അവന്‍ സുഖം പ്രാപിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ലെന്നും ബാക്കിയുള്ള സമയം അവനൊപ്പം ചെലവഴിക്കണം’ എന്നുമാണ് അദ്ദേഹം പറഞ്ഞത്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുമോ എന്ന് താന്‍ ചോദിച്ചു. നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കില്ലെന്നും മറ്റെന്തിനെക്കാളും മകന് തന്റെ സാന്നിധ്യമാണ് ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.മകനൊപ്പം തന്നെയുണ്ടാകണമെന്നും താങ്കള്‍ വരുന്നതുവരെ ആ സ്ഥാനം ഒഴിഞ്ഞുതന്നെ കിടക്കുമെന്നും മറുപടി നല്‍കി. പണത്തിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്നും ശമ്പളം തുടര്‍ന്നും അക്കൗണ്ടിലെത്തുമെന്നും പറഞ്ഞു. മകന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എപ്പോഴാണ് അവന്‍ സുഖം പ്രാപിക്കുന്നത്, അപ്പോള്‍ തിരിച്ചുവരൂ എന്നും പറഞ്ഞു. ഒരു മാസത്തിന് ശേഷം കൈയില്‍ കുറച്ച് മധുരവുമായി അദ്ദേഹം ഓഫീസില്‍ എത്തി. നിറകള്ളുകളോടെ ‘മകന്‍ സുഖം പ്രാപിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇതിനിടെ താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം അദ്ദേഹം പറഞ്ഞു. തനിക്ക് നല്‍കിയ ശമ്പളം തിരികെ സ്വീകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും ദിവസം ജോലി ചെയ്തിരുന്നില്ല എന്നതാണ് അദ്ദേഹം പറഞ്ഞ കാരണം. ആ പണം സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് തിരിച്ച് സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നില്ല. അത് ശമ്പളമല്ലെന്നും മകന്റെ ചികിത്സയ്ക്കായി തങ്ങള്‍ നല്‍കിയ ചെറിയ തുകയാണതെന്നായിരുന്നു തങ്ങള്‍ നല്‍കിയ മറുപടി. ചില സമയങ്ങളില്‍ ഒരു കമ്പനി ജോലി സ്ഥലം മാത്രമായിരിക്കില്ലെന്നും കുടുംബമായിരിക്കും എന്ന് പറഞ്ഞാണ് അങ്കിതിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അങ്കിതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights