ആ വിവാഹ പന്തലില്‍ മന്‍സൂര്‍ അഹമ്മദ് ഉണ്ടാകില്ല

കുവൈത്ത് സിറ്റി: പ്രവാസത്തിന്റെ ഏകാന്ത ജീവിതത്തില്‍ നിന്ന് കുടുംബത്തിന്റെ സന്തോഷ ശീതളിമയിലേക്ക് വിമാനം കയറാനാണ് ബുധനാഴ്ച പുലര്‍?ച്ചെ മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. ഈ യാത്രക്ക് മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു. ജൂണ്‍ എട്ടിന് നിശ്ചയിച്ച അനന്തരവന്റെ വിവാഹം. ദീര്‍ഘനാളുകള്‍ക്കു ശേഷം കുടുംബത്തിനോടൊപ്പം ഒത്തുചേരല്‍, പ്രിയപ്പെട്ട ഒരാളുടെ വിവാഹത്തില്‍ പ?ങ്കെടുക്കല്‍, അതിനായി വിമാനം കാത്തിരിക്കല്‍. ഒരു പ്രവാസിക്ക് ഇതിലും വലിയ സന്തോഷ മൂഹൂര്‍ത്തം വേറെയുണ്ടാകില്ല.
എന്നാല്‍ ആക്രമണത്തിന്റെ രൂപത്തില്‍ ആകാശത്തു നിന്നു പൊട്ടിവീണ തീഗോളം ആ പ്രതീക്ഷകളെ എല്ലാം ഒറ്റ നിമിഷംകൊണ്ട് കെടുത്തികളഞ്ഞു. മന്‍സൂര്‍ അഹമ്മദ് മരിച്ചു. ബുധനാഴ്ച രാവിലെ 7.30 ഓടെ മന്‍സൂര്‍ അഹമ്മദ് കുവൈത്തില്‍ നിന്ന് മുംബൈയിലേക്ക് വിമാനം കയറേണ്ടതായിരുന്നു. മുംബൈയില്‍ നിന്ന് ഉജ്ജൈന്‍ ജില്ലയിലെ നാട്ടിലേക്ക് ട്രയിനില്‍ പോകാനായിരുന്നു പദ്ധതി. വൃദ്ധയായ അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനും മന്‍സൂര്‍ അഹമ്മദിനെ വരവിനായി കാത്തിരിക്കുയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കുടുംബം എത്താമെന്നും അറിയിച്ചിരുന്നു. ചൊവ്വാഴ്ച 18 വയസ്സുള്ള മകന്‍ അദ്ദേഹത്തോട് സംസാരിച്ചതുമാണ്. അത് അവസാന സംഭാഷണമാകുമെന്ന് ഇരുവരും കരുതികാണില്ല.
വിമാനത്താവളത്തില്‍ പൊടുന്നനെയുണ്ടായ ആക്രമണം എല്ലാം തകര്‍ത്തു. കുടുംബത്തിലെ ആഘോഷ അന്തരീക്ഷത്തെ മുഴുവന്‍ കെടുത്തി. അടുത്ത ദിവസം ഒരിക്കല്‍ കൂടി അവസാനമായി മന്‍സൂര്‍ അഹമ്മദിനെ ബന്ധുക്കള്‍ സ്വീകരിക്കും. അതിന് ദീര്‍ഘനാളത്തെ കാത്തിരിപ്പിന്റെ സന്തോഷ മാധുര്യമായിരിക്കില്ല, മരണത്തിന്റെ ദു:ഖപൂര്‍ണമായ അന്തരീക്ഷമായിരിക്കും.

മന്‍സൂറിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ (ഇന്ത്യന്‍ സമയം) അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മരണവാര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ അറിയിച്ചതായും മൃതദേഹം എത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതായും മന്‍സൂര്‍ അഹമ്മദിന്റെ സഹോദരീഭര്‍ത്താവ് മുഹമ്മദ് ഇസ്മായില്‍ അറിയിച്ചതായി ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു. ‘അദ്ദേഹത്തെ വീട്ടിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതിനുപകരം, മൃതദേഹം കൊണ്ടുവരാന്‍ ഞങ്ങള്‍ ഇപ്പോള്‍ ഗുജറാത്തിലേക്ക് പോവുകയാണ്’ ഇസ്മായില്‍ പറഞ്ഞു. കുടുംബം പോറ്റാന്‍ വേണ്ടി ഏകദേശം 30 വര്‍ഷത്തോളം കുവൈത്തില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്ത മന്‍സൂര്‍ അഹമ്മദിന്റെ ജീവിതം അവിടെ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights