വാഷിങ്ടന്‍: അമേരിക്ക- ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുഎസ് വളരെയേറെ മുന്നിലാണെന്നും അതിനാല്‍ തന്നെ ഇത് വേ?ഗം അവസാനിച്ചെന്നുമാണ് ട്രംപ് പറയുന്നത്. തിങ്കളാഴ്ച സിബിഎസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം.
ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയും ഇല്ല. അതിനാല്‍ യുദ്ധം ഏകദേശം അവസാനിച്ചു. ട്രംപ് പരിഹസിച്ചു. അവരുടെ മിസൈലുകള്‍ ചിതറിപ്പോയി. നിങ്ങള്‍ തന്നെ നോക്കിയാല്‍ മനസിലാകും നിര്‍മാണത്തില്‍ ഉള്‍പ്പെടെ അവരുടെ ഡ്രോണുകള്‍ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവര്‍ക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിനെ കുറിച്ചുള്ള ചോദ്യത്തിന് അതിലൂടെ കപ്പലുകള്‍ ഇപ്പോള്‍ കടന്നുപോകുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അവര്‍ക്ക് ചെയ്യാനുള്ളതെല്ലാം അവര്‍ ഇവിടെ ചെയ്തു കഴിഞ്ഞു. ഇനിയും കൂടുതല്‍ നടപടികള്‍ക്ക് ശ്രമിക്കരുത്. അത് ആ രാജ്യത്തിന്റെ അവസാനം കുറിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നു ട്രംപ് വ്യക്തമാക്കി. അദ്ദേഹത്തോട് പ്രത്യേകമായി യാതൊന്നും തന്നെ പറയാനില്ല. ഇറാനെ നയിക്കാന്‍ ഞാന്‍ മറ്റൊരാളെയാണ് മനസില്‍ കാണുന്നതെന്നും ട്രംപ് പറയുന്നു. മുജ്തബയെ നിയമിച്ചതില്‍ താന്‍ തൃപ്തനല്ലെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.









