ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ നിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചു. 2026 ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ഉന്നതതല സമ്മേളനത്തില്‍ കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വ്യാപാര മേഖലകളില്‍ നിന്നുള്ള പത്ത് പ്രമുഖര്‍ പങ്കെടുക്കും.നാലാം ലോക കേരള സഭയില്‍ അംഗമായിരുന്ന കേരള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടന്‍ എടക്കാട്ടിനെ അഞ്ചാം ലോക കേരള സഭയിലേക്കും വീണ്ടും തിരഞ്ഞെടുത്തു. അതോടൊപ്പം കേന്ദ്ര കമ്മിറ്റി അംഗവും കുവൈറ്റിലെ മികച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മാരില്‍ പ്രമുഖനുമായ വിനോദ് വലൂപറമ്പിലിനെയും ഇത്തവണ സഭയിലേക്ക് തിരഞ്ഞെടുത്തു.പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇവര്‍ക്ക് സാധിക്കുമെന്നും കേരള അസോസിയേഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. (loka kerala sabha Eleven delegates from kuwait)
പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി രൂപംകൊണ്ട സഭയിലേക്ക് കല കുവൈറ്റില്‍ നിന്നും വനിതാവേദിയില്‍ നിന്നുമായി ജെ. സജി (മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി), ടി വി ഹിക്മത് (കല കുവൈറ്റ് ജനറല്‍ സെക്രട്ടറി), സി കെ നൗഷാദ് (കല കുവൈറ്റ് മുന്‍ ഭാരവാഹി, സാമൂഹ്യ പ്രവര്‍ത്തകന്‍), കവിത അനൂപ് (വനിതാവേദി ജനറല്‍ സെക്രട്ടറി) എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ സംഘടന നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കല കുവൈറ്റ് ഇതിനെ കാണുന്നത്.കുവൈറ്റിലെ ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ മുസ്തഫ ഹംസയെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഭയിലേക്ക് തിരഞ്ഞെടുത്തത്. കുവൈറ്റിലെ എല്ലാ പ്രവാസി സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലും പ്രവാസികളുടെ ആരോഗ്യപ്രശ്‌നങ്ങളിലും തൊഴില്‍പരമായ ബുദ്ധിമുട്ടുകളിലും ക്രിയാത്മകമായി ഇടപെടുന്ന അദ്ദേഹം, പ്രവാസികളുടെ ശബ്ദം സര്‍ക്കാരിലേക്ക് എത്തിക്കാനുള്ള മികച്ച വേദിയായി സഭയെ കാണുന്നു. ആധുനിക ആരോഗ്യസേവനങ്ങള്‍, മെഡിക്കല്‍ മാനേജ്‌മെന്റ്, നൂതന ചികിത്സാ സംവിധാനങ്ങള്‍ എന്നിവയില്‍ കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങള്‍ ലോക കേരള സഭയിലെ ചര്‍ച്ചകള്‍ക്ക് വിലപ്പെട്ട സംഭാവനയായിരിക്കും.ലോക കേരള സഭ വേദിയില്‍ ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, നിക്ഷേപ സാധ്യതകള്‍, മെഡിക്കല്‍ ടൂറിസം, പ്രവാസി മലയാളികളുടെ ആരോഗ്യ ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളില്‍ മുസ്തഫ ഹംസയുടെ അനുഭവസമ്പത്തും ദര്‍ശനവും നിര്‍ണായകമായ സംഭാവന നല്‍കുമെന്നാണ് വിലയിരുത്തല്‍.









