പ്രമോഷനും സ്ഥലം മാറ്റവും വിരമിക്കലും ഒറ്റ ദിവസം, ഉത്തരവ് വന്നത് ഞായറാഴ്ച! സീനിയർ സൂപ്രണ്ടിന് വിരമിക്കാൻ അവധി ദിവസവും ഓഫീസ് തുറന്ന് അധികൃതർ!

കാസർകോട് : സർവീസിൽ നിന്നും വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രമോഷൻ ഉത്തരവ്, ഒപ്പം സ്ഥലംമാറ്റിയുള്ള ഉത്തരവും സ്ഥാനകയറ്റം ലഭിച്ച അന്ന് തന്നെ വിരമിക്കലും, അതും ഞായറാഴ്ച. കാസർകോട് ഗവ. പോളിടെക്നിക് കോളേജ് സൂപ്രണ്ടായിരുന്ന മാലോം വള്ളിക്കടവിലെ ടി.എസ്. സതീഷ്കുമാന്റെ ജീവിതത്തിൽ ആണ് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്‌ നടന്നത്.ഞായറാഴ്‌ച രാവിലെ 7 മണിക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ സൂപ്രണ്ടായിരുന്ന സതീഷ്കുമാറിന് ഇ-ഓഫീസ് മുഖേന സീനിയർ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചു. ഒപ്പം തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിലേക്ക് സ്ഥലം മാറ്റ ഉത്തരവും വന്നു.മേലധികാരിയായി വിരമിക്കണമെങ്കിൽ അന്നുതന്നെ പുതിയ ഓഫീസിൽ ചുമതലയേൽക്കണം. എന്നാൽ ഞായറാഴ്ചയായതിനാൽ തൃക്കരിപ്പൂർ കോളേജ് അവധിയായിരുന്നു. സതീഷ്കുമാറിന് സീനിയർ സൂപ്രണ്ടായി വിരമിക്കാനുള്ള അവസരമൊരുക്കാൻ ഞായറാഴ്ചയായിരുന്നിട്ടും തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജ് പ്രത്യേകം തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നു. രാവിലെ തന്നെ തൃക്കരിപ്പൂർ കോളേജിലെത്തി സീനിയർ സൂപ്രണ്ട് തസ്തികയിൽ അദ്ദേഹം ചുമതലയേറ്റു. തുടർന്ന് ആ പദവിയിൽ ഇരുന്ന് മണിക്കൂറുകൾക്കകം തന്നെ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയും ചെയ്തു.

നേരത്തെ തന്നെ സ്ഥാനക്കയറ്റം വരേണ്ടതായിരുന്നുവെന്നും വൈകിയാണെങ്കിലും സന്തോഷത്തോടെ ആണ് വിരമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വിരമിക്കുന്നത് അപൂർവമായിരിക്കും. വിരമിക്കാൻ ഞായറാഴ്ച തന്നെ അവസരമൊരുക്കിതന്നതിൽ നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനക്കയറ്റ നടപടികൾ ഒരു മാസം മുൻപേ പൂർത്തിയായിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭരണമാറ്റമാണ് ഉത്തരവ് വൈകാൻ കാരണമായത്. അവസാന ദിവസമായ ഞായറാഴ്ചയെങ്കിലും ഉത്തരവ് ഇറങ്ങിയില്ലായിരുന്നുവെങ്കിൽ സൂപ്രണ്ടായി തന്നെ അദ്ദേഹത്തിന് വിരമിക്കേണ്ടി വരുമായിരുന്നു. സർവീസിലെ അവസാന ദിവസം അപ്രതീക്ഷിത സന്തോഷത്തോടെ പടിയിറങ്ങിയ സതീഷ്കുമാർ വള്ളിക്കടവിലെ പരേതനായ ശിവരാമൻ നായരുടെയും ഭവാനിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീവിദ്യ. മകൻ: സിദ്ധാർത്ഥ് (കാനഡ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights