സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ ടിയുടേത് ഉള്‍പ്പെടെയുള്ള വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത നിര്‍ണായക രേഖകള്‍ കൂടി വച്ചുകൊണ്ടാകും ഇ ഡി ചോദ്യങ്ങള്‍ ചോദിക്കുക. കേസില്‍ ഇ ഡി പരമാവധി രേഖകളും ഡിജിറ്റല്‍ വിവരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും ശേഖരിച്ച് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. പിണറായി വിജയന്റെ വീട്ടിലടക്കം ഇ ഡി റെയ്ഡിനായി കയറിയപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അതിശക്തമായ പ്രതിഷേധമുയര്‍ത്തുകയും ഇഡി ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങള്‍ അടക്കം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ വേഗത്തിലുള്ളതും കരുതലോടെയുള്ളതുമായ നീക്കങ്ങളാണ് ഇ ഡി ഈ കേസില്‍ നടത്തിവരുന്നത്.സിഎംആര്‍എല്‍ – എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ ഇന്നലെയാണ് കോടതി അംഗീകരിച്ചിരുന്നത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ അനുബന്ധമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. വീണ ടി – CMRL കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. രേഖകള്‍ നല്‍കരുതെന്ന സിഎംആര്‍എല്‍ വാദം, കമ്പനിക്കാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്നലെ തള്ളിയിരുന്നു.









