കുട്ടിയെ പീഡിപ്പിക്കുന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പ് അറിഞ്ഞു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അനങ്ങിയില്ല; അധികൃതരുടെ വീഴ്ചയില്‍ നഷ്ടമായത് ഒന്നര വയസ്സുകാരന്റെ ജീവന്‍

തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തില്‍ ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയും കാരണമായെന്ന് റിപ്പോര്‍ട്ട്. മരിച്ച അര്‍ഷിദ് ക്രൂര പീഡനം നേരിടുന്നുവെന്ന് ആഴ്ചകള്‍ക്കു മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ് വാര്‍ത്താ പോര്‍ട്ടലായ ദ് ന്യൂസ് മിനുട്ട് പുറത്തുവിട്ടു. കുട്ടി മരിക്കുന്നതിന് 26 ദിവസം മുമ്പുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. കുഞ്ഞിന്റെ രണ്ട് കൈകള്‍ക്കും ഒരേസമയം പൊട്ടലേറ്റതിന്റെ ഫോട്ടോകള്‍ സഹിതം സംശയങ്ങള്‍ ഉന്നയിച്ചിട്ടും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡിസിപിയു) ഇത് കാര്യമായി എടുത്തില്ല.
അഖിലയുടെ അമ്മ റീനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ മേയ് 3നാണ് റീന ഹെല്‍പ് ലൈനിലേക്ക് വിളിച്ചത്. എന്നാല്‍ അവരുടെ ആശങ്കകള്‍ ‘തോന്നലുകള്‍’ മാത്രമാണെന്നും ദേഷ്യം കാരണം അങ്ങനെ പറയുന്നതാകാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ നിസ്സാരവല്‍ക്കരിച്ചു. കുഞ്ഞിനെ നേരില്‍ കാണാനോ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാനോ ഡിസിപിയു തയ്യാറായില്ല.

അഷ്‌കര്‍ കുട്ടിയെ ഉപദ്രവിച്ചിരിക്കാമെന്ന സംശയവും അവര്‍ ഉദ്യോഗസ്ഥനോട് പങ്കുവെച്ചു. അര്‍ഷിദിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അഷ്‌കര്‍ മുമ്പ് കുട്ടിയെക്കുറിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നുവെന്നും റീന ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്‍ വിഷയം പൊലീസിലൂടെ മുന്നോട്ടുകൊണ്ടുപോകാനാണ് നിര്‍ദേശിച്ചതെന്നും കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുഞ്ഞിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും വട്ടപ്പാറ എസ്യുടി ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ഗുരുതര പരിക്കുകളുള്ള കാര്യം ഡോക്ടര്‍മാര്‍ പൊലീസിനെയോ ശിശുസംരക്ഷണ സമിതിയിലോ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംശയിക്കേണ്ട സാഹചര്യമുണ്ടായിട്ടും മെഡിക്കോ-ലീഗല്‍ കേസ് എടുക്കാന്‍ വിസമ്മതിച്ചത് ആരോഗ്യ മേഖലയിലെ വലിയ അനാസ്ഥയാണ്. കുടുംബപ്രശ്നങ്ങളുടെ പേരില്‍ റീനയ്ക്ക് പരാതി പിന്‍വലിക്കേണ്ടി വന്നപ്പോഴും, കുഞ്ഞിന്റെ സുരക്ഷ വിലയിരുത്താന്‍ നെടുമങ്ങാട് പൊലീസും തയ്യാറായില്ല. സിസ്റ്റം ഒന്നാകെ പരാജയപ്പെട്ടതാണ് കുട്ടിയുടെ മരണത്തിന് വഴിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മെയ് 29-നാണ് അര്‍ഷിദ് മരിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ, ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും വിഷയം അന്വേഷിക്കുമെന്നും തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ് ജെ സുജ പ്രതികരിച്ചു. വിഷയത്തില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ഡയറക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അര്‍ഷിദിന്റെ മരണത്തില്‍ പ്രതികളുടെ പങ്കിനൊപ്പം തന്നെ, കുട്ടിയെ സംരക്ഷിക്കേണ്ട സംവിധാനങ്ങളുടെ വീഴ്ചയും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ഒന്നരവയസ്സുകാരന്‍ നേരിട്ടത് അതിക്രൂരമര്‍ദ്ദനമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കുട്ടിയുടെ ശരീരത്തില്‍ നൂറോളം മുറിവുകളുണ്ടെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മയുടെ പങ്കാളി അഷ്‌കര്‍, അമ്മ അഖില എന്നിവരാണ് കേസിലെ പ്രതികള്‍, അഷ്‌കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. ഒന്നവയസ്സുകാരന്‍ അര്‍ഷിദ് അമ്മയില്‍ നിന്നും അമ്മയുടെ പങ്കാളിയില്‍ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മര്‍ദ്ദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡോക്ടറില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights