പുരുഷന്മാര്‍ക്ക് ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ നാളെ സൗജന്യയാത്ര, സ്ത്രീകള്‍ക്ക് മധുരം; വേറിട്ടൊരു പ്രതിഷേധം

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. എറണാകുളം ആലുവ-മാഞ്ഞാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ലിറ്റില്‍ ഫ്‌ലവര്‍’ എന്ന സ്വകാര്യ ബസാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.ജൂണ്‍ 15 ( തിങ്കളാഴ്ച) മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അന്നേ ദിവസമായ നാളെ ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ പുരുഷന്മാര്‍ക്ക് ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്ന് ബസുടമ വട്ടപ്പറമ്പ് സ്വദേശി ഡേവിസ് വ്യക്തമാക്കി. രാവിലെ 6.30 മുതല്‍ രാത്രി 8 വരെയുള്ള ട്രിപ്പുകളിലെല്ലാം ലിറ്റില്‍ ഫ്‌ലവറില്‍ പുരുഷന്മാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

സ്വകാര്യ ബസിനെ കൈവിടാത്ത സ്ത്രീകള്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. ആലുവ – മാഞ്ഞാലി റൂട്ടില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസി സര്‍വീസുകളാണ്. 25 വര്‍ഷത്തിലേറെയായി ബസ് സര്‍വീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കൊപ്പമാണ് ഓടുന്നതെന്ന് ബസുടമ ഡേവിസ് പറഞ്ഞു.സര്‍ക്കാരിന്റെ പുതിയ പദ്ധതി മൂലം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. യാത്രക്കാരില്‍ കൂടുതലും വനിതകളായതിനാല്‍ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നും ഡേവിസ് പറയുന്നു. കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് ബസുടമകളുടെ ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights