80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ ‘സമനില തെറ്റാതെ’ കരകയറി

മയാമി: മുൻ ലോക ചാംപ്യൻമാരും ലാറ്റിനമേരിക്കൻ കരുത്തരുമായ ഉറു​ഗ്വെയെ സമനിലയിൽ തളച്ച് ഏഷ്യൻ കരുത്തരായ സൗദി അറേബ്യ. ​ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ​ഗോൾ നേടിയാണ് ഒപ്പത്തിനൊപ്പം നിന്നത്. ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം കളിയുടെ അവസാന ഘട്ടത്തിലാണ് ഉറു​ഗ്വെ സമനില പിടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ഉറു​ഗ്വെ കടുത്ത ആക്രമണമാണ് നടത്തിയത്. എന്നാൽ സൗദി ആലസ്യത്തിലായിരുന്നു. പതിയെയാണ് അവർ മത്സരത്തിന്റെ താളത്തിലേക്ക് കടന്നത്. ഫെഡറിക്കോ വിനാസും മാക്സി അരാഹോയുമടക്കമുള്ള ഉറു​ഗ്വെ താരങ്ങൾ മികച്ച മുന്നേറ്റമാണ് തുടക്കത്തിൽ തന്നെ നടത്തിയത്. 5ാം മിനിറ്റിൽ അരാഹോ ​ഗോളിനടുത്തെത്തിയിരുന്നു. സൗ​​ദി ​ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് ആ ശ്രമം തടുത്തു. തുടക്കത്തിലെ ആലസ്യം വിട്ടുണർന്ന് സൗദി കിട്ടിയ അവസരങ്ങളിലെല്ലാം ​ഗോളടിക്കാൻ ശ്രമം തുടങ്ങിയതോടെ മത്സരം ആവേശത്തിലേക്ക് കടന്നു. 18ാം മിനിറ്റിൽ സൗദി താരം സലിം അൽദൗസരി ​ഗോളിനടുത്തെത്തിയെങ്കിലും മുതലാക്കാൻ ആയില്ല. താരത്തിന്റെ ലോങ് ഷോട്ട് പുറത്തേക്ക് പോയി.30ാം മിനിറ്റിൽ ഉറു​ഗ്വെ ഗോളെന്നുറപ്പിച്ച അവസരം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റി. സൗദി ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഉയർന്നുവന്ന പന്ത് ഉറു​ഗ്വെ സ്ട്രൈക്കർ ഫെഡറിക്കോ വിനാസ് പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡ് ചെയ്തെങ്കിലും സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിമാറ്റി.

കളി ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സൗദി ആക്രമണം കടുപ്പിച്ചു. 38ാം മിനിറ്റിൽ അബ്​ദുല്ല അൽ അംരിയുടെ ​ഗോൾ ശ്രമം ഉറു​ഗ്വെ ​ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‍ലേര തട്ടിയകറ്റി. ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുക്കുന്നന്നതിനും സ്റ്റേഡിയം സാക്ഷിയായി. താരങ്ങൾ ഒട്ടേറെ തവണ ഫൗൾ ചെയ്യപ്പെട്ടു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഉറു​​ഗ്വെയെ ഞെട്ടിച്ച് സൗദി ലീഡെടുത്തു. അബ്ദുല്ല അൽ അംരിയാണ് സ്‌കോറർ. ഒരു ​ഗോൾ ലീഡിലാണ് സൗദി ആദ്യ പകുതി അവസാനിപ്പിച്ചത്.രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഉറു​ഗ്വെ ആക്രമണം പുനരാരംഭിച്ചു. പകരക്കാരെ കളത്തിലിറക്കിയാണ് ഉറു​ഗ്വെ രണ്ടാം പകുതി തുടങ്ങിയത്. ഡാർവിൻ നൂനസിനേയും മാത്യാസ് വിനയേയും കോച്ച് മാഴ്സലോ ബിയേൽസ പിൻവലിച്ചു. പിന്നീടങ്ങോട്ട് സൗദി ബോക്‌സിൽ ഉറു​ഗ്വെ താരങ്ങൾ കയറിയിറങ്ങി. മികച്ച അവസരങ്ങളും അവർ സൃഷ്ടിച്ചുകൊണ്ടിരുന്നു. 54ാം മിനിറ്റിൽ മാനുവൽ ഉഗാർത്തെയും 60ാം മിനിറ്റിൽ സനബ്രിയയും ഗോളിനടുത്തെത്തി. എന്നാൽ ഉറു​ഗ്വെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സൗദിക്ക് സാധിച്ചതോടെ ​ഗോൾ അകന്നു തന്നെ നിന്നു.

പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിച്ചാണ് ഉറു​ഗ്വെ കടുത്ത രീതിയിൽ തന്നെയാണ് ആക്രമിച്ചത്. എന്നാൽ സൗദി പ്രതിരോധക്കോട്ട ഉറച്ചു നിന്നതോടെ മത്സരം അവർ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ 80ാം മിനിറ്റിൽ ഉറു​ഗ്വെ സമനില ​ഗോൾ കണ്ടെത്തുക തന്നെ ചെയ്തു. മാക്‌സി അരാഹോയാണ് ഗോളടിച്ചത്. ഫെഡറിക്കോ വിനാസിന്റെ ഗോൾ ശ്രമം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റുന്നതിനിടെ റീബൗണ്ട് ചെയ്ത് ലഭിച്ച പന്ത് അരാഹോ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ലീഡ് പിടിക്കാൻ സൗദി ഗോൾ മുഖത്തേക്ക് ഉറു​ഗ്വെ തുടരെ പന്തെത്തിച്ചെങ്കിലും വിജയിച്ചില്ല. അതോടെ പോരാട്ടം 1-1 ന് സമനിലയിലും അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights