സമാധാന ചര്‍ച്ചയില്‍ അസ്വാരസ്യം; ആക്രമിക്കുമെന്ന് ട്രംപ്, വേദി വിട്ട് ഇറാന്‍ പ്രതിനിധികള്‍

ബേണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായും ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച യുഎസ് ഇറാന്‍ ചര്‍ച്ചകളില്‍ അസ്വാരസ്യം. പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയതാണ് സാഹചര്യം വഷളാക്കിയത്. ലെബനനിലെ ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന.

എന്നാല്‍ ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇറാന്‍ പ്രതിനിധി സംഘം വേദി വിട്ടു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ തുറന്നടിച്ചു. സമാധാന ചര്‍ച്ചയിലെ അസ്വാരസ്യങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളും പുറത്തുവിടുന്ന ‘ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഒഫ് ഇറാന്റെ പ്രതിനിധികള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വേദി വിട്ടു’, ഇറാന്റെ ഔദ്യോഗിക മാധ്യമമായ IRNA റിപ്പോര്‍ട്ട് ചെയ്തു. ട്രൂത്ത് സോഷ്യലൂടെയാണ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയത്. ലെബനനിലുള്ള ഇറാന്റെ സഖ്യകക്ഷികളായ ഹിസ്ബുള്ളയെ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ നിന്നും തടഞ്ഞില്ലെങ്കില്‍ ഇറാനെതിരെ അമേരിക്ക ആക്രമണം പുനഃരാരംഭിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്‍ അതിന് തയ്യാറായില്ലെങ്കില്‍, അമേരിക്ക അവരെ വളരെ ശക്തമായി തന്നെ ആക്രമിക്കും, അത് അതികഠിനമായിരിക്കും എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിട്ടുണ്ട്.അതേസമയം അമേരിക്കയുടെ ഏത് ആക്രമണത്തെയും നേരിടാന്‍ ഇറാന്റെ സായുധസേന സുസജ്ജമാണെന്നാണ് ഇതിനെതിരെ ഇറാന്റെ പ്രതിനിധി സംഘത്തെ നയിക്കുന്ന മുഹമ്മദ് ബാഗര്‍ ഖാലിഫ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights