നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ സിം കാർഡ്, പഴയ ചോദ്യപേപ്പർ; കസ്റ്റഡിയിലെടുത്തു

പട്‌ന: വാരാണസിയില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡ് പിടികൂടി. ഒപ്പം മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മൈദാഗിനിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജുവേറ്റ് കോളേജില്‍ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.പരീക്ഷയ്ക്ക് മുമ്പുള്ള പരിശോധനയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സിം കാര്‍ഡ് ഉള്‍പ്പെടെ കണ്ടെത്തിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബിഹാറിലെ ഖലിസാരായില്‍ നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതിയവരാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണവും നിയമനടപടികളും നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.ഹൈദരാബാദിൽ കോപ്പിയടിക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെയും പൊലീസ് പിടികൂടി. പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ സ്മാർട്ട്ഫോൺ ഒളിപ്പിച്ചു വെച്ചായിരുന്നു കോപ്പിയടി ശ്രമം. ഹൈദരാബാദിന് സമീപമുള്ള രാഗണ്ണഗുഡയിലാണ് ആസൂത്രിതമായ കോപ്പിയടി ശ്രമം വെളിച്ചത്തായത്. നാഗർകുർണൂൽ ജില്ലയിലെ അച്ചാമ്പേട്ട് സ്വദേശിയായ 18-കാരനാണ് പിടിയിലായത്. സിപ്പ്-ലോക്ക് കവറിലാക്കി ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ സ്മാർട്ട്ഫോൺ ഒളിപ്പിച്ചു. പരീക്ഷയ്ക്കിടെ വയറുവേദനയെന്ന് പറഞ്ഞ് ശുചിമുറിയിൽ കയറി ഗൂഗിളിൽ ഉത്തരങ്ങൾ തിരയുകയായിരുന്നു. കൂടുതൽ സമയം ശുചിമുറിക്കകത്ത് ചെലവഴിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇൻവിജിലേറ്റർ വിദ്യാർത്ഥിയെ പരിശോധിക്കാൻ സ്റ്റാഫ് അംഗങ്ങളെ നിയോഗിച്ചു. തുടർന്നാണ് ഫോൺ കണ്ടെത്തിയത്.ഭാരതീയ ന്യായ സംഹിത സെക്ഷൻ 318(4) പ്രകാരവും 2024 ലെ പൊതു പരീക്ഷാ നിയമത്തിലെ സെക്ഷൻ 10, സെക്ഷൻ 3 എന്നിവ പ്രകാരവും അഡിബട്‌ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.അതേസമയം, പരീക്ഷ വന്‍ വിജയം എന്നാണ് എന്‍ടിഎ അറിയിക്കുന്നത്. ഫലപ്രഖ്യാപനം സാധാരണയേക്കാള്‍ നേരത്തെയാക്കാനാണ് നീക്കം. ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തെത്തുടര്‍ന്നാണ് ഇന്നലെ നീറ്റ് യുജി പുന:പരീക്ഷ നടന്നത്. ഏകദേശം 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 5,440 സെന്ററുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 14 വിദേശ സെന്ററുകളിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights