തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ടീം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്. അടുത്ത വർഷം മാർച്ച് 26 ന് ചിത്രം ആഗോള റിലീസായി എത്തും.
ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്
ഇതിനോടകം പുറത്ത് വന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിലും വമ്പൻ ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. അതിനൊപ്പമാണ് ചിത്രം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി സഹകരിക്കുന്നു എന്ന വാർത്തയും വരുന്നത്. ഹോളിവുഡിലെ ConnekktMobScene ക്രിയേറ്റീവ് കണ്ടന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലക്സാണ്ട്ര ഇ വിസ്കോണ്ടിയുമായി ഇതിനോടകം തന്നെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ വരുന്നത്. വിശദാംശങ്ങൾ രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും, ദി പാരഡൈസിനെ ഒരു യഥാർത്ഥ അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവമായി ഒരുക്കാനുള്ള ടീമിന്റെ ദൃഢനിശ്ചയത്തെ ഈ പുരോഗതി ശക്തിപ്പെടുത്തുന്നു.









