‘ടിനി ടോമും അൻസിബയും തമ്മിൽ പല പ്രശ്നങ്ങൾ; തർക്കങ്ങൾ സംഘടന തന്നെ പരിഹരിക്കട്ടെ, ഉത്തരവ് കിട്ടിയാലുടൻ കേസെടുക്കും’; കമ്മീഷണർ

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ കോടതി ഉത്തരവ് ലഭിച്ചാലുടൻ ടിനി ടോമിനെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സംഘടനയിൽ പല തർക്കങ്ങളും കാണുമെന്നും അത് അവർ പരിഹരിക്കേണ്ട കാര്യമാണെന്നും ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.”അവർ തമ്മിൽ സംഘടനയ്ക്ക് ഇടയിലുള്ള കാര്യങ്ങളാണ്. അവർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും പരാതികളും കൗണ്ടർ പരാതികളുമുണ്ടായിരുന്നു. നേരത്തെ അവർ തമ്മിൽ സംസാരിച്ചു തീർത്ത കാര്യങ്ങളിൽ തീർപ്പായില്ലെന്ന് പറഞ്ഞതോടെ എസിപിയുടെ നേതൃത്വത്തിൽ തന്നെ അന്വേഷണം നടന്നിരുന്നു.

അങ്ങനെയാണ് മുന്നോട്ട് പോയത്. അവരുടെ വാട്സാപ് ​ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിലും അവർ തമ്മിലുള്ള സംസാരങ്ങൾ. അത് നോക്കിയിട്ട് തെളിവുള്ള കാര്യങ്ങൾ വച്ച് പൊലീസ് ഒരു തീരുമാനമെടുത്തു. ഇപ്പോൾ ജുഡീഷ്യറിയുടെ പരി​ഗണനയിലാണ്. അത് നോക്കിയിട്ട് ചെയ്യാം. അത്രയേ ഉള്ളൂ”. – സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്‍റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കേസെടുക്കാൻ നിർദ്ദേശിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ടിനിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കും. ശ്വേത മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു. അൻസിബയ്ക്കെതിരെ ടിനി ടോം ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്നങ്ങൾ, ജിഹാദി എന്നീ വാക്കുകൾ ഉപയോ​ഗിച്ചതായി റിപ്പോർട്ടിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ജിഹാദി ഉൾപ്പെടെയുള്ള വാക്കുകൾ ടിനി തമാശയായി ഉപയോ​ഗിച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് റിപ്പോർട്ട് പൂർണമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നി​ഗമനത്തിൽ എത്താൻ സാധിക്കൂവെന്നും കോടതി നിരീക്ഷിച്ചു.

പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ട്. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ട്. കുറ്റകൃത്യം നടന്നത് കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ അല്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) നിർദേശം നൽകിയത്. അൻസിബയുടെ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights