മകൾക്ക് ബഹിരാകാശത്ത് നിന്നൊരു പിറന്നാൾ ആശംസ, ആദ്യ ദിനം ആസ്വദിച്ച് ഡോ. അനിൽ; ‘സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി’

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോന്‍റെ വീഡിയോ സന്ദേശം എത്തി. ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു. സന്ദേശത്തിലൂടെ ഭാര്യയോടും മക്കളോടുമുള്ള സ്നേഹം പങ്കുവെച്ച അനിൽ മേനോൻ, മകൾ ഗ്രേസിന് ജന്മദിനാശംസകളും നേർന്നു. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് ബഹിരാകാശ സഞ്ചാരികൾ സൊയൂസ് എം എസ് 29 പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി പ്രവേശിച്ചത്.

സൊയൂസിൽ പറന്നുയർന്ന് ചരിത്രം കുറിച്ചു
സൊയൂസിൽ പറന്ന് ബഹിരാകാശത്ത് പ്രവേശിച്ചാണ് ആദ്യ മലയാളിയെന്ന ചരിത്രം അനിൽ മേനോൻ സ്വന്തമാക്കിയത്. അനിലും സംഘവും ബഹിരാകാശ നിലയത്തിനകത്തേക്ക് കയറിയത് ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിക്കാണ്. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രിക‌ർ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. പുലർച്ചെ ഒന്നരയോടെ ബഹിരാകാശത്ത് പ്രവേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് അൽപ്പസമയം നീണ്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും സംഘത്തിന്‍റെ മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്‍റെ ഭാഗമാകാനാണ് യാത്ര. അനിലിന്റെ തയ്യാറെടുപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. പിന്നീട് മെക്കാനിക്കൽ എ‍ഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു. സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പഠനം ഇദ്ദേഹം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights