150 കോടിയുടെ സ്വത്തിനെച്ചൊല്ലി തര്‍ക്കം; പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു

ഗാസിയാബാദ്: സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 52-കാരനായ ഹരിഓം ചൗധരിയെയാണ് 32-കാരനായ നിഖില്‍ കൊലപ്പെടുത്തിയത്.മദ്യപിച്ച് വീട്ടിലെത്തിയ ശേഷം നിഖില്‍ പിതാവ് ഹരിഓം ചൗധരിയുമായി തര്‍ക്കിക്കുകയും പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നു.പിതാവിന് നേരെ നിരവധി തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ശേഷം ഓടി രക്ഷപ്പെട്ടു. ഹരിഓം ചൗധരിക്ക് മോദിനഗറില്‍ ഏകദേശം 75 ഏക്കറോളം ഭൂമിയും കച്ചവടസ്ഥാപനങ്ങളും സ്വത്തുക്കളും ഉള്‍പ്പെടെ സ്വന്തമായി ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുടുംബത്തിന്റെ ആസ്തി ഏകദേശം 150 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കുകള്‍.

കുടുംബത്തിന്റെ സ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.നിഖിലിന് കടകളും ഏകദേശം 25 ഏക്കറോളം ഭൂമിയും നല്‍കിയിരുന്നുവെന്നും ബാക്കിയുള്ള സ്വത്ത് കൂടി തന്റെ പേരിലേക്ക് മാറ്റണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ മദ്യപാനിയായതിനാല്‍ സ്വത്തുക്കള്‍ നശിപ്പിക്കുമെന്ന് ഭയന്ന് പരിഓം അതിന് മുതിര്‍ന്നില്ല. മദ്യപിച്ച് വീട്ടിലേക്കെത്തിയ മകനെ ഹരിഓം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വഴക്കിനിടെ നിഖില്‍ പിതാവിന് നേരെ വെടിയുതിര്‍ത്തു. ഹരിഓമിന്റെ മുഖത്തും നെഞ്ചിലും വയറിലും വെടിയേറ്റ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.ഹരിഓമിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103 പ്രകാരം കൊലപാതകക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത പൊലീസ്, പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights