ചരിത്രം കുറിച്ച് വിക്രം 1; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു

ബെംഗളൂരു: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കൃത്യം 12.05നാണ് വിക്രം 1 കുതിച്ചുയർന്നത്. ഇന്ന് രാവിലെ 11.30 നാണ് വിക്ഷേണം നിശ്ചയിച്ചിരുന്നത്. എന്നാൽ കൗണ്ട്ഡൗണ്‍ നടന്നില്ല. അഞ്ച് മിനിറ്റ് കാത്തിരിക്കാന്‍ നിർദ്ദേശിക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടിയെന്നായിരുന്നു സ്‌കൈറൂട്ട് നൽകിയ വിശദീകരണം. പിന്നാലെയായിരുന്നു രണ്ടാമത്തെ കൗണ്ട്ഡൗണ്‍. 12.05ഓടെ റോക്കറ്റ് വിക്ഷേപിച്ചു. ഇതിന് പിന്നാലെ വിക്ഷേപണം വിജയകരമാണെന്ന് അധികൃതർ അറിയിച്ചു.

സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജന്‍സിയായ സ്‌കൈറൂട്ട് എയറോസ്പേസാണ് വിക്രം-1 നിര്‍മ്മിച്ചിരിക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന ആദ്യ സ്വകാര്യ റോക്കറ്റ് കൂടിയാണ് വിക്രം-1. ഏകദേശം 12 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ സാധിക്കും. എന്നാല്‍ ഇന്ന് നടക്കുന്ന ദൗത്യത്തില്‍ വിക്രം-1 ഉപഗ്രഹങ്ങള്‍ കൊണ്ടുപോകുന്നില്ല. ബഹിരാകാശ മാലിന്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് ഉള്‍പ്പെടെ വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ ആറ് പേലോഡുകളാണ് ഇത്തവണ വഹിക്കുന്നത്. ഓപ്പറേഷന്‍ ‘ആഗമന്‍’ എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാര്‍ട്ടപ്പ് കോസ്‌മോസെര്‍വ് സ്‌പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ ഹാൻഡ്, സ്‌കൈറൂട്ടിന്റെ സ്വന്തം സ്‌കോപ്പ് സാറ്റ് എന്നിവയാണ് പേലോഡില്‍ പ്രധാനികള്‍. ജര്‍മ്മന്‍ കമ്പനി ഡിക്യൂബ്ഡ് സ്‌പേസിന്റെ ചെറു സാങ്കേതിക വിദ്യ പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമാണ്. അതിന് പുറമേ വിക്രം സാരാഭായ്‌യുടെയും സി വി രാമന്റെയും ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെയും ചെറു പ്രതിമകളും ബഹാരാകാശത്തേക്ക് അയക്കുന്നുണ്ട്. ഒരു അരിമണിയേക്കാള്‍ ചെറുതാണ് ശില്‍പ്പങ്ങള്‍. ലാബ് നിര്‍മ്മിത ഡയമണ്ട് ആഭരണവും പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസ കാര്‍ഡുകളും കൂടി റോക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നാളിതുവരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഐഎസ്ആര്‍ഒ വികസിപ്പിച്ച റോക്കറ്റിലായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നത്. എന്നാല്‍ വിക്രം-1 ദൗത്യം വിജയമായാല്‍ ഇതിന് മാറ്റം വരും എന്നാണ് വിലയിരുത്തുന്നത്. വിക്രം-1 ന്റെ വിക്ഷേപണത്തിനായി എല്ലാ സജീകരണങ്ങളും നടത്തിയതായാണ് സ്‌കൈറൂട്ട് എയറോസ്‌പേസ് അറിയിച്ചത്. ഇതിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം 60 ഡിഗ്രി ചരിവിലുള്ള 450 കിലോമീറ്റര്‍ ദൂരത്തിലെ ഭ്രമണപഥം ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്രകളില്‍ ഒരു നാഴികക്കല്ലായിരിക്കും വിക്രം-1ന്റെ വിക്ഷേപണം എന്നാണ് സ്‌കൈറൂട്ട് എയറേസ്‌പേസിന്റെ കോ ഫൗണ്ടര്‍ സിഇഒ പവന്‍ കുമാര്‍ ചന്ദന പറഞ്ഞത്. പൂര്‍ണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റ് 15 മിനുട്ടും 46 സെക്കന്‍ഡും കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights