ന്യൂഡല്‍ഹി: നീറ്റ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന സമരം ഒരുമാസത്തോളമായി തുടരുകയാണ്. ഇവര്‍ക്കൊപ്പം 20 ദിവസത്തിലധികമായി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ കഴിഞ്ഞദിവസം ഡല്‍ഹി പൊലീസ് സഫ്ദര്‍ജംഗ് ആശുപത്രിയിലാക്കിയിരുന്നു. തന്റെ നിരാഹാര സമരം നിര്‍ത്താന്‍ തയ്യാറാണെന്നാണ് വാങ്ചുക് ഇപ്പോള്‍ നല്‍കുന്ന സൂചന. എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത് മൂന്ന് ആവശ്യങ്ങളാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങളില്‍, പ്രത്യേകിച്ച് നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കുകയാണെങ്കില്‍ നിരാഹാരം അവസാനിപ്പിക്കാം എന്നതാണ് ആദ്യത്തേത്. താനും സിജെപി നേതാക്കളും ഇന്ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് പാര്‍ലമെന്റിന് മുന്നിലെത്തുമ്പോള്‍ വിവിധ പാര്‍ട്ടികളിലെ എംപിമാരും നേതാക്കളും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയാണെങ്കില്‍ തന്റെ സമരം അവസാനിപ്പിക്കാം എന്നാണ് രണ്ടാമതായി വാങ്ചുക് പറയുന്നത്. മൂന്നാമതായി ആരോഗ്യം അനുവദിക്കുന്നില്ലെങ്കില്‍ താനുള്ള ആശുപത്രിയിലെത്തി ഇതേ എംപിമാരും നേതാക്കളും വിഷയം ഏറ്റെടുത്ത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് വാക്കുനല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ആശുപത്രിയില്‍ താന്‍ അനധികൃത തടങ്കല്ലിലാണെന്നും സഞ്ചാര സ്വാതന്ത്ര്യവും സംസാരമടക്കം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നും കുറിപ്പില്‍ വാങ്ചുക്ക് പറയുന്നു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, വാങ്ചുകിനോട് ഡോക്ടര്‍മാരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക സിറ്റിങില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം ഈ വിഷയത്തില്‍ മറുപടി നല്‍കാനാണ് ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ നിര്‍ദ്ദേശം. കേസ് 24ന് വീണ്ടും പരിഗണിക്കും.









