പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ്

തിരുവനന്തപുരം: രാത്രികാല പിങ്ക് ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് മാത്രമായാണ് പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം.

തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. യാത്ര സൗജന്യമായിരിക്കില്ല. ആറ് മണി മുതല്‍ 10.45 വരെ പിങ്ക് ബസുകളുടെ സര്‍വീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറ് ദിന കര്‍മപദ്ധതികളുടെ ഭാഗമാണ് പിങ്ക് ബസ് സര്‍വീസ്. പ്രയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് ബസ് പദ്ധതി നടപ്പിലാക്കുന്നത്.

ടെക്‌നോപാര്‍ക്കിലെ രാത്രി ഷിഫ്റ്റ് ജീവനക്കാരുടെ സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം-ടെക്‌നോപാര്‍ക്ക് റൂട്ടിലാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളേജ് (RCC), ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി വഴി സര്‍വീസ് ക്രമീകരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കും. ഭാവിയില്‍ ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. പദ്ധതിക്കായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ നിന്ന് ഏറ്റവും നവീനമായ ‘ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍’ ബസുകള്‍ അനുവദിച്ചുവെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്ന കെഎസ്ഇബിയുടെ പദ്ധതിയാണ് പ്രിയദര്‍ശിനി. ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ വന്‍ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകള്‍ക്കും യാത്ര സൗജന്യമായിരിക്കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക.പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. ഇതുവരെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 1.87 കോടി സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ്. നിലവില്‍ 3125 ഓര്‍ഡിനറി ബസുകളാണ് പദ്ധതിക്കായി സര്‍വീസ് നടത്തുന്നത്. പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights