ആരാണ് പ്രഭാവതി അമ്മ?; ഫുട്പാത്തില്‍ സ്‌കൂട്ടര്‍ തടഞ്ഞ ‘മിന്നല്‍ പ്രഭ’യെ കുറിച്ച്‌ ജോയ് മാത്യു പറയുന്നു

കോഴിക്കോട്: ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മ കേരളത്തിന് ഒന്നാകെ മാതൃകയാണെന്ന് നടന്‍ ജോയ് മാത്യു. ‘എന്റെ ചെറുപ്പകാലത്ത് ആരെയും കൂസാതെ പാലാട്ടുതാഴം -ചുള്ളിയോട് റോഡിലൂടെയും എരഞ്ഞിപ്പാലം -കരിമ്പനപ്പാലം റോഡിലൂടെയും അലങ്കാരങ്ങളേതുമില്ലാതെ തിടുക്കപ്പെട്ട് പോകുന്ന സ്ത്രീയായിരുന്നു പ്രഭാവതി. എങ്ങോട്ടാണ് അവര്‍ തിടുക്കപ്പെട്ട് പോകുന്നത് എന്ന് അനേഷിച്ചപ്പോഴാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുകയാണ് എന്നറിഞ്ഞത് . നാട്ടുകാര്‍ അവരെ സ്‌നേഹപൂര്‍വ്വം പ്രഭേച്ചി എന്ന് വിളിച്ചു. പിന്നീട് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പക്ഷെ പോരാട്ടവീര്യവും പൗരബോധവും അവരെ വിട്ടുപോയില്ല’ ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇന്നത്തെ പല ചെറുപ്പക്കാര്‍ക്കില്ലാത്ത സ്വാതന്ത്ര്യബോധവും പൗരബോധവും കോഴിക്കോട്ടുകാരനായ എനിക്ക് മാത്രമല്ല കേരളത്തിനൊന്നാകെ മാതൃകയായി. അഭിവാദ്യങ്ങള്‍ പ്രഭേച്ചി’- ജോയ് മാത്യു കുറിപ്പില്‍ പറയുന്നു.കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മയുടെ ധീരതയാണ് സോഷ്യല്‍ മീഡിയ ഇന്നലെ ഏറ്റെടുത്തത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ എംവിഡി കേരള ഉള്‍പ്പെടെ പ്രഭാവതി അമ്മയെ അഭിനന്ദിച്ച രംഗത്തെത്തി.

കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുവരുമ്പോള്‍ സിഗ്നനല്‍ മറികടക്കാന്‍ ഫുട്പാത്തിലേക്ക് കയറ്റിയ സ്‌കൂട്ടര്‍ പ്രഭാവതി അമ്മ തടയുകയായിരുന്നു. റോഡില്‍ തിരക്കുകൂടുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ നിയമം തെറ്റിച്ച് ഫുട്പാത്തില്‍ കയറ്റി ഓടിക്കുന്നത് സ്ഥിരകമാണ്. ‘ഇന്നലെ ആദ്യം ഞാന്‍ വണ്ടി തടഞ്ഞു. വണ്ടിയുടെ അരികിലൂടെ നടന്ന് പെയ്‌ക്കോളാന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അയാള്‍ വണ്ടി അവിടെ വളയ്‌ക്കെട്ടയെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. ഫുട്പാത്ത് ഇതിനുള്ളതല്ലല്ലോ?’ – പ്രഭാവതി അമ്മ പറഞ്ഞു. മുന്‍പൊരിക്കല്‍ ഫുട്പാത്തിലൂടെ വന്ന വാഹനം തടഞ്ഞ പ്രഭാവതി അമ്മയെ വണ്ടിയോടിച്ച യുവാവ് അടിക്കുകയും എസ്പിക്ക് പരാതി നല്‍കിയതോടെ യുവാവിനെ വിളിപ്പിച്ച് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights