കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ വെളിപ്പെടുത്താന്‍ നടി ശ്വേത മേനോനെ വെല്ലുവിളിച്ച് മാലാ പാര്‍വതി. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ ശ്വേത മേനോന് അതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നും അല്ലെങ്കില്‍ അനാവശ്യസംശയങ്ങള്‍ക്കും തെറ്റിദ്ധാരണയ്ക്കും ഇടയാക്കുമെന്നും മാലാ പാര്‍വതി കുറിച്ചു. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പവര്‍ ഗ്രൂപ്പിനെതിരെ ആണെന്നും കുറ്റാരോപിതര്‍ സംഘടന തലപ്പത്ത് വരില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞതിന് പിന്നാലെയാണ് മാലാ പാര്‍വതി രംഗത്തെത്തിയത്.’ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാന്‍ ശ്രമിക്കുന്നതുമായ ആ ‘കുറ്റാരോപിതര്‍’ ആരൊക്കെയാണ്? സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവര്‍ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറല്‍ ബോഡി നിയോഗിച്ച സമിതിയിലും അവര്‍ അംഗങ്ങളല്ല. അപ്പോള്‍ ശ്വേത മേനോന്‍ പരാമര്‍ശിക്കുന്നവര്‍ ആരാണ്?’, മാലാ പാര്‍വതി ചോദിക്കുന്നു.തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോട് ആണെന്നും താന്‍ ഉള്ളിടത്തോളം കുറ്റാരോപിതര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നുമായിരുന്നു ശ്വേത മേനോന്‍ അവകാശപ്പെട്ടത്. സംഘടനയിലെ ചിലരെ മുന്നില്‍നിര്‍ത്തി ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരകളെ എന്നും ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അത് മാധ്യമ ശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും ശ്വേത പറഞ്ഞിരുന്നു.
ആ കുറ്റാരോപിതര്‍ ആരൊക്കെ? തുറന്നുപറയേണ്ട ഉത്തരവാദിത്വം ശ്വേതയ്ക്കുണ്ട്; വെല്ലുവിളിച്ച് മാലാ പാര്‍വതി









