ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നു? പ്രധാനമന്ത്രിയുടെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച അര്‍ധരാത്രിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം നിങ്ങള്‍ എവിടെയായിരുന്നുവെന്ന് രഞ്ജിനി ഹരിദാസ് ചോദിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ആ കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്. ഡല്‍ഹി പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും യൂണിഫോമോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്ത ആളുകളും ചേര്‍ന്ന്, തീവ്രവാദികളെന്ന പോലെയാണ് അവരെ ആക്രമിച്ചത്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ആവശ്യപ്പെടുന്നത്. അവരെ നിശബ്ദരാക്കാന്‍ ബലപ്രയോഗം നടത്തുന്നതിന് പകരം, ചര്‍ച്ചയ്ക്കായി നിങ്ങളുടെ സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നുവെന്നും രഞ്ജിനി കുറിച്ചു.

‘നിങ്ങള്‍ രാജ്യത്തിന്റെ നേതാവാണ്. ഇന്ത്യയിലെ യുവാക്കളുടെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമേറിയതാണ്. അവര്‍ക്കുവേണ്ടി നിങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമാണ് വിദ്യാഭ്യാസം. അതിന്‍റെ വിശ്വാസ്യത ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിന്റെ തലപ്പത്തുള്ള വ്യക്തിയെ നീക്കം ചെയ്തുകൊണ്ട് സമ്പൂര്‍ണ്ണമായ അഴിച്ചുപണിയാണ് വേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ പോലും നീതി അകലെയല്ല. അവരുടെ ആവശ്യം അംഗീകരിക്കണം. അവരുടെ ശബ്ദം കേട്ടുവെന്നും ഒപ്പം നിന്നുവെന്നും തെളിയിക്കണം’ എന്നും രഞ്ജിനി വ്യക്തമാക്കി.പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ധ്രുവ് റാത്തിയും രംഗത്തെത്തി. കണ്ണുകളുടെ ചലനം നോക്കൂ. രണ്ട് മിനിറ്റ് പോലും ടെലിപ്രോംപ്റ്റര്‍ ഇല്ലാതെ ഒറ്റവാക്ക് പോലും പറയാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെന്നായിരുന്നു ധ്രുവ് റാത്തിയുടെ വിമര്‍ശനം. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം ലെെവിലൂടെ മോദി അറിയിച്ചത്, പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നുമായിരുന്നു വീഡിയോ ലൈവില്‍ പറഞ്ഞത്. ബില്‍ എത്രയും വേഗം പാസാക്കാനുള്ള ശ്രമമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights