തെഹ്റാന്‍: മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം തടഞ്ഞെന്ന് യുഎസ് സൈന്യം. അമേരിക്കന്‍ സേനയ്ക്ക് നേരെ ഇറാന്‍ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായും എല്ലാം വിജയകരമായി തടഞ്ഞെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
അതേസമയം, ഇറാഖിലെ ഇറാന്‍ അനുകൂലികള്‍ക്കെതിരെ യുഎസ്-സൗദി സംയുക്ത ആക്രമണം നടത്തി. കിഴക്കന്‍ ഇറാഖിലെ നിരവധി ഇറാന്‍ അനുകൂല ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഐആര്‍ജിസി നടത്തിയ മുപ്പതിലധികം വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയാണെന്നാണ് അവകാശവാദം. എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇറാഖില്‍ നിന്നുണ്ടായ ഡ്രോണ്‍ ആക്രമണം തടഞ്ഞതായും സൗദി വ്യക്തമാക്കി.
സംഘർഷം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നാൽ പ്രതികരിക്കുമെന്നും സൗദി അറേബ്യ കൂട്ടിച്ചേർത്തു.ജൂണ്‍ 17-ന് പ്രാബല്യത്തില്‍ വന്ന സമാധാന കരാര്‍ ലംഘിച്ചായിരുന്നു തുടര്‍ച്ചയായ 13 ദിവസം ഇറാന് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാനും പ്രത്യാക്രമണം നടത്തിയിരുന്നു. അതേസമയം സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങള്‍ തീര്‍ന്നു തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയിരുന്നു.
യുഎസിന്റെ കൈവശം ആവശ്യത്തിലധികം ആയുധ ശേഖരമുണ്ടെന്ന് അദ്ദേഹം ആഭ്യന്തര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമാധാന കരാര്‍ ലംഘിക്കപ്പെട്ട പശ്ചാത്തലത്തില്‍, മധ്യസ്ഥര്‍ വഴി തെഹ്‌റാനും വാഷിംഗ്ടണും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘായി പറഞ്ഞിരുന്നത്. ഇതിനിടെയാണ് വീണ്ടും അശാന്തിയുടെ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ആദ്യമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിൽ 90 മിനിറ്റാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ഇറാനിലെ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്തുവെന്നാണ് വിവരം. ചർച്ചകൾ മികച്ചതായിരുന്നുവെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നേതാക്കൾ പരസ്യപ്പെടുത്തിയില്ല.









