കൊച്ചി: ആലുവയില്‍ കാണാതായ 12 കാരി പെണ്‍കുട്ടിയെ 25കാരനായ ഐസ്‌ക്രീംകാരനൊപ്പം കണ്ടെത്തിയതെങ്ങനെയെന്ന് വിശദീകരിച്ച് ആലുവ റൂറല്‍ എസ് പി സുദര്‍ശനന്‍ എസ്. ട്രെയിനുകള്‍ മാറി മാറി കയറി പൂനെയിലെത്തിയപ്പോഴാണ് പൊലീസിന്റെ പിടി വീഴുന്നത്.
ജൂലൈ 25-നാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കിയ ആലുവ ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞ് ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് കാണാതായത്. രാവിലെ പോയ കുട്ടിയെ കാണാനില്ലെന്ന വിവരം രാത്രി എട്ടരയോടെയാണ് വീട്ടുകാര്‍ തിരിച്ചറിയുന്നത്. രാത്രി പത്ത് മണിയോടെ വിവരം ലഭിച്ച പൊലീസ് ഉടന്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചു. പെണ്‍കുട്ടി വീടുവിട്ടിറങ്ങിയപ്പോള്‍ വലിയമ്മയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും കൊണ്ടുപോയിരുന്നു. എന്നാല്‍ ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ തുടക്കത്തില്‍ പൊലീസിന് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹപാഠികളെയും കൂട്ടുകാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിക്ക് ഒരു കൂട്ടുകാരന്‍ ഉണ്ടെന്ന സൂചന ലഭിക്കുന്നത്. സഹപാഠികളില്‍ ഒരാള്‍ കാണിച്ചു കൊടുത്ത ഇന്‍സ്റ്റഗ്രാം ഫോട്ടോയാണ് വഴിത്തിരിവായത്. ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓച്ചിറ ക്ലാപ്പന സ്വദേശിയായ അഭിജിത്ത് എന്ന 25 കാരനാണ് കുട്ടിക്കൊപ്പമുള്ളതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ മുനമ്പം ഭാഗത്ത് ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആയതായി കണ്ടു.
യുവാവിന്റെ ഇന്‍സ്റ്റഗ്രാം ഐഡി വഴി പൊലീസ് സന്ദേശമയച്ച് ലൊക്കേഷന്‍ ട്രാക്ക് ചെയ്തതും അന്വേഷണത്തിന് വേഗം നല്‍കി. ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാസര്‍കോടും തുടര്‍ന്ന് മംഗലാപുരത്തും മുംബൈയിലും ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞു.
മുംബൈയിലെ താനെ, അന്ധേരി, ധാരാവി ചേരി പ്രദേശങ്ങളടങ്ങിയ ഇടങ്ങളിലേക്കാണ് ലൊക്കേഷന്‍ കാണിച്ചത്. പോലീസ് ഉടന്‍ തന്നെ മുംബൈ പോലീസുമായി ബന്ധപ്പെടുകയും പ്രതിയുടെയും കുട്ടിയുടെയും വിവരങ്ങള്‍ അടങ്ങിയ ക്രൈം കാര്‍ഡുകള്‍ തയ്യാറാക്കി അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ ഇരുവരും തിരിച്ചുള്ള യാത്രയിലാണെന്ന് ലൊക്കേഷനിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു.
ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ്സിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ‘വേര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പിലൂടെ ട്രെയിനിന്റെ തത്സമയ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പൊലീസ്, ട്രെയിന്‍ നിത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി തിരച്ചില്‍ നടത്തി പെണ്‍കുട്ടിയെയും അഭിജിത്തിനെയും കണ്ടെത്തുകയുമായിരുന്നു.









