‘വി ഡി സതീശന്‍ വിദേശത്ത് ഫണ്ട് അഭ്യര്‍ത്ഥിച്ചതിന് തെളിവുണ്ട്’; വീഡിയോ പ്രദര്‍ശിപ്പിച്ച് സിപിഐഎം

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരായ നടപടി അവസാനിപ്പിച്ചതിനെതിരെ സിപിഐഎം. വി ഡി സതീശന്‍ വിദേശത്ത് ഫണ്ട് അഭ്യര്‍ത്ഥിച്ചതിന് തെളിവുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ‘എങ്ങനെയാണ് ആഭ്യന്തര മന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. അസാധാരണ സംഭവമാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കം ഉണ്ടായെന്നും’ എം വി ഗോവിന്ദന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി, വി ഡി സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്നതിന്‍റെ വീഡിയോ വാര്‍ത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

‘എംഎല്‍എ എന്ന നിലയില്‍ വിദേശത്തേക്ക് യാത്ര നടത്താന്‍ വി ഡി സതീശന്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ആഭ്യന്തര വകുപ്പിന്റെ അനുവാദം കിട്ടിയിട്ടില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വാദം. വിദേശത്ത് നിന്നും ഫണ്ട് അഭ്യര്‍ത്ഥിക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നില്ല. അല്ലെങ്കില്‍ പ്രത്യേകമായ അനുമതി വേണം. പ്രളയത്തിന്റെ ഘട്ടത്തില്‍ കേരളത്തിന്റെ ആകെ ദുരന്തത്തെ വിദേശത്ത് പോയി അവതരിപ്പിക്കാന്‍ മന്ത്രിമാര്‍ കേന്ദ്രത്തോട് അനുമതി തേടിയപ്പോള്‍ അനുവാദം ലഭിച്ചിരുന്നില്ല’, എം വി ഗോവിന്ദന്‍ പറഞ്ഞു.ആരുടെയൊക്കെ സഹായം ലഭിച്ചു, എത്രത്തോളം ഫണ്ട് ആണ് ലഭിച്ചത് എന്നതിലെല്ലാം പരിശോധന വേണം. വിദേശത്ത് നിന്നും 26,500 പൗണ്ട് വിവിധ വ്യക്തികളില്‍ നിന്നാണ് ശേഖരിച്ചതെന്ന് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് ഇത് എത്തിയിട്ടുള്ളത്. വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അതിന് അനുമതി ലഭിച്ചിട്ടില്ലെന്നും ഏതാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ആഭ്യന്തര മന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത്. ആഭ്യന്തര വകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിജിലൻസ് അന്വേഷണത്തിൽ വി ഡി സതീശനെതിരെ തെളിവില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുനർജനിയിൽ അന്വേഷണം അവസാനിപ്പിച്ചതെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജിലന്‍സ് പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് ‘പുനര്‍ജനി, പറവൂരിന് പുതുജീവന്‍’. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.

പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശന്‍ പണം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്സണ്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights