തീവ്രമഴയും വെള്ളക്കെട്ടും: താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ യാത്രകൾ മാത്രം അനുവദിക്കും

വയനാട്ടിലും ലക്കിടി ഉൾപ്പെടെയുള്ള ചുരം പ്രദേശങ്ങളിലും മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി വയനാട് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരം വഴി കടത്തിവിടില്ല. ലക്കിടിയിൽ പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. അത്യാവശ്യക്കാരല്ലാത്തവരുടെ വാഹനങ്ങൾ തടഞ്ഞു നിർത്തുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. ചുരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിന് പൂർണ്ണ നിരോധനമുണ്ട്.

ഈങ്ങാപ്പുഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ നിലവിൽ കൂടത്തായി – കോടഞ്ചേരി വഴിയാണ് തിരിച്ചുവിടുന്നത്. ഇതിനാൽ തന്നെ ഈ റോഡുകളിൽ നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചരക്ക് ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ തുടങ്ങിയ വലിയ ഭാരവാഹനങ്ങൾ ഈങ്ങാപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഈ റോഡ് ഉപയോഗിക്കരുതെന്ന് പ്രദേശവാസികളും അധികൃതരും അഭ്യർത്ഥിക്കുന്നു. ഇത്തരം വലിയ വാഹനങ്ങൾ വീതികുറഞ്ഞ ഈ ബദൽ റോഡുകളിൽ കേടായാൽ ആംബുലൻസ് അടക്കമുള്ള അടിയന്തര സർവീസുകൾ പോലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും.

മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ ചുരം വഴിയുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നവർ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉറപ്പുവരുത്തേണ്ടതും, ഭക്ഷണവും കുടിവെള്ളവും കയ്യിൽ കരുതേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights