അനുമതി കഴിഞ്ഞിട്ടും മണ്ണെടുപ്പ് തുടര്‍ന്നു; പാണക്കാട് മണ്ണിടിച്ചില്‍ പ്രദേശത്ത് നടന്നത് അനധികൃത നീക്കം

മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് നടന്നിരുന്നത് അനധികൃത മണ്ണെടുപ്പ് എന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതി കഴിഞ്ഞിട്ടും മേഖലയില്‍ മണ്ണെടുപ്പ് തുടര്‍ന്നു എന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. പ്രദേശത്ത് നടന്നത് തീര്‍ത്തും അനധികൃത നിര്‍മാണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് ജിയോളജി വകുപ്പ് നല്‍കിയ പാറ പൊട്ടിക്കാനുള്ള അനുമതി കഴിഞ്ഞത്. നഗരസഭ നല്‍കിയ മണ്ണെടുക്കാനുള്ള അനുമതി ജൂണ്‍ 20നും കഴിഞ്ഞിരുന്നു.

അനുമതി പുതുക്കിയിട്ടില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ റിന്‍ഷ പറഞ്ഞു. കമ്പനിയുടെ ലൈസന്‍സ് റദ്ധ് ചെയ്യുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. മണ്ണിടിച്ചില്‍ സാധ്യത അവഗണിച്ച് ഏപ്രില്‍ ഒന്നിന് മണ്ണെടുക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചു. വലിയ അനാസ്ഥയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി ലോല മേഖലയില്‍ എങ്ങനെയാണ് മണ്ണെടുക്കാനും പാറപൊട്ടിക്കാനും അനുമതി നല്‍കിയത് എന്നാണ് ഉയരുന്ന വിമര്‍ശനം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടനാണ് സ്ഥലം ഉടമ. ഇവിടെ ഷോപ്പിങ് കോംബ്ലക്‌സ് നിര്‍മിക്കാനായിരുന്നു പ്രവർത്തികള്‍ നടന്നിരുന്നത്.

അതേസമയം നിലവില്‍ മഴമാറിനില്‍ക്കുന്നുണ്ടെങ്കിലും മഴകനത്താല്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്നതാണ് അശങ്കയാകുന്നത്. 2018ല്‍ സമാനമായ നിലയില്‍ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്ന് കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു അപകടം ഉണ്ടാകില്ലായിരുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം.അതേസമയം മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിര്‍മ്മാണ അനുമതി നല്‍കിയത് നഗരസഭയെന്ന് മലപ്പുറം എഡിഎം അന്‍വര്‍ സാദത്ത് പറഞ്ഞു. പാറ പൊട്ടിക്കാന്‍ ഉള്ള അനുമതി ജിയോളജി വകുപ്പ് നല്‍കിയിരുന്നു. ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും 200 മീറ്റര്‍ റേഡിയസില്‍ ആരും തന്നെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിഞ്ഞു കിടക്കുന്ന മണ്ണ് മാറ്റാന്‍ നിലവില്‍ സാധിക്കില്ല. കൂടുതല്‍ മണ്ണ് മുകളില്‍ നിന്ന് താഴേക്ക് വരുന്നുണ്ട്. മഴ മാറി നിന്നാല്‍ മാത്രം മണ്ണ് മാറ്റാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അലേര്‍ട്ട് മാറുന്നതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിലെ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്നതിനും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights