‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. താന്‍ സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അന്ന് രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു. മൂന്ന് മണിയായപ്പോള്‍ ഞാന്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം’, മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിലെ ജനം വിലയിരുത്തട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആ വീട്ടുകാരും ഭക്ഷണം കഴിക്കാതെ തന്നെ കാത്തിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു. മഴക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു അനാസ്ഥയുമുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘ഇതിനേക്കാള്‍ വലിയ പ്രളയം കണ്ടവനാണ് ഞാന്‍. 75,000 പേരെ ക്യാമ്പില്‍ താമസിപ്പിച്ചയാളാണ് ഞാന്‍. ആദ്യത്തെ മൂന്ന് ദിവസം ഒരു മണി അരി പോലും ഇല്ലാതെ എറണാകുളത്തെയും കൊടുങ്ങല്ലൂരിലെയും മാര്‍ക്കറ്റില്‍ നിന്ന് കടം വാങ്ങി സാധനങ്ങള്‍ എത്തിച്ചു നല്‍കിയ ആളാണ് ഞാന്‍. അന്നത്തെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തില്‍ പി എം ശ്രീയെക്കുറിച്ചും പുനര്‍ജനിയെ കുറിച്ചുമൊക്കെയാണ് പറഞ്ഞത്. രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴാണോ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതെന്ന് പിണറായിയോട് ആരും ചോദിച്ചില്ല’, മുഖ്യമന്ത്രി പറഞ്ഞു.ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് താന്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എവിടെ നിന്ന് ചെയ്യണം എന്നത് തന്റെ തീരുമാനം ആണെന്നും തന്റെ ഓഫീസില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. റവന്യൂ മന്ത്രി രണ്ട് തവണ അന്ന് മാധ്യമങ്ങളെ നേരിട്ട് കണ്ട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെലികോപ്റ്റര്‍ യാത്രയിലെ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പഴയ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിനെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഹെലികോപ്റ്ററില്‍ പോയത് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണാനാണ്. സ്വകാര്യ ആവശ്യത്തിനല്ല. താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതില്‍ ഒരു രൂപ പോലും സര്‍ക്കാരിന് അധിക ചെലവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞാന്‍ ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പോയിട്ടില്ല. പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പോയതിന്റെ തുക സര്‍ക്കാര്‍ എടുത്തു. ഹെലികോപ്റ്ററില്‍ പോയത് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണാനെന്ന് ആരുമായി ചര്‍ച്ച നടത്തി എന്ന് നിങ്ങളോട് പറയേണ്ട കാര്യമില്ല. അതില്‍ തീരുമാനം ആയാല്‍ നിങ്ങളെ അറിയിക്കും’, വി ഡി സതീശന്‍ വ്യക്തമാക്കി.ഡാമുകളുടെ കപ്പാസിറ്റി കുറഞ്ഞെന്നും മണല്‍ വന്ന് കുനിഞ്ഞ് കൂടിയ നിലയില്‍ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാര്‍ മണ്ണ് മാറ്റാന്‍ നടപടി എടുത്തില്ലെന്നും ഈ സര്‍ക്കാര്‍ മണ്ണ് മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍പിഎസ്ടി, യുപിഎസ്ടി സമരത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മന്ത്രി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നും താന്‍ ഒരു തവണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ഒഴിവിലും നിയമനം നടത്തണം എന്നാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥി -അധ്യാപക അനുപാതം കുറക്കണം എന്നതാണ് അവരുടെ ആവശ്യം. അതിന് രണ്ട് മാസം സമയം വേണം എന്നതാണ് സര്‍ക്കാര്‍ ആവശ്യം. അത് പഠിക്കാന്‍ സമയം ആവശ്യമാണ്. എന്നാല്‍ അവര്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായിട്ടില്ല. ഇനിയും സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പി എം ശ്രീ യില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി സഭ ഉപസമിതി തീരുമാനം അറിയിക്കും. എംഒയുവില്‍ നിന്നും പിന്മാറാന്‍ കഴിയില്ല. പിന്മാറാന്‍ അവസരം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്മാറിയില്ല. മന്ത്രിസഭ റിപ്പോര്‍ട്ട് അനുസരിച്ചു തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights