‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

ന്യൂഡല്‍ഹി: പ്രിയദര്‍ശിനി സൗജന്യ യാത്ര വന്നതോടെ സ്ത്രീകള്‍ ബസുകളില്‍ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ രംഗത്ത്. സി പി ജോണ്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം എന്ന് ആനി രാജ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. സ്ത്രീകള്‍ കൂടുതലായി പദ്ധതി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മന്ത്രിയില്‍ നിന്ന് ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സര്‍ക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും അവര്‍ വിമര്‍ശിച്ചു. പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണ് ഇത് പറയുന്നത്. എപിഎല്‍, ബിപിഎല്‍ എന്ന രീതിയിലുള്ള യാതൊരുവിധ മാനദണ്ഡങ്ങളും മുന്നോട്ടുവെച്ചിരുന്നില്ല. യാത്രാസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് നേരത്തെ കൃത്യമായ പഠനം നടത്തിയിരുന്നില്ല എന്നതിന് തെളിവാണ് പ്രസ്താവന എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണക്കാര്‍ പാവപ്പെട്ടവരായി അഭിനയിക്കുന്നു, പരമദരിദ്രനായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹത്തിന്റ പരാമര്‍ശമുണ്ടായി.

നടി തൃഷയ്‌ക്കെതിരായ തമിഴിനാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ത്ഥ പ്രസ്താവനയിലും ആനിരാജ പ്രതികരിച്ചു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്നും ന്യായീകരണം അർഹിക്കാത്തതാണെന്നും ആനി രാജ വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യമായി ഇതിനെ കണക്കാക്കാനാകില്ല. വായില്‍ വരുന്നത് എന്തും വിളിച്ചു പറയുന്നതോ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നതോ അല്ല അഭിപ്രായ സ്വാതന്ത്ര്യം എന്നും സിപിഐ നേതാവ് ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളില്‍ നിന്നുള്ള ഇത്തരം പ്രസ്താവനകള്‍ ഗൗരവതരമാണ്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ആനി രാജ പറഞ്ഞു. വിഷയത്തില്‍ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ആനി രാജയുടെ പ്രതികരണം.കാവേരി നദീജല വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ തൃഷയെക്കുറിച്ച് ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ഇപ്പോള്‍ ആകെയുളള ജോലി ഡിഎംകെയ്ക്ക് എതിരെ കളളക്കേസ് എടുക്കുക എന്നതാണെന്നും ഉദയിധി പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ സദസില്‍ നിന്നും തൃഷ, തൃഷാ എന്ന് കൂട്ടത്തോടെ വിളിച്ചുപറഞ്ഞു. ഇതോടെ പ്രസംഗം നിര്‍ത്തി ചെറുചിരിയോടെയാണ് ഉദയനിധി ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പിന്നാലെ ഉദയനിധിയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെയും ബിജെപിയും ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights