വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയോ? വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

വെള്ളപ്പൊക്കം മാറി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും, സൂക്ഷിച്ചില്ലെങ്കില്‍ അപകടസാധ്യത ഒളിഞ്ഞിരിക്കുന്ന സമയമാണിത്. വീടിന്റെ കേടുപാടുകള്‍, വൈദ്യുതാഘാതം, ?ഗ്യാസ് ചോര്‍ച്ച, മലിനജലം, അണുബാധകള്‍, വിഷജീവികള്‍ എന്നിവയെല്ലാം അപകടങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ വീട് വൃത്തിയാക്കുന്നതിന് മുന്‍പ് ചില സുരക്ഷാ മാര്‍?ഗനിര്‍?ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

മഴ അല്ലെങ്കില്‍ വെള്ളം കുറഞ്ഞെന്ന് കരുതി ഉടന്‍ വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കരുത്. അധികൃതരുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. റോഡുകളും പാലങ്ങളും സുരക്ഷിതമാണെന്ന് പരിശോധിക്കണം.

വീട്ടില്‍ കയറുന്നതിന് മുന്‍പ്
വീടിന്റെ സുരക്ഷയാണ് ആദ്യം ഉറപ്പാക്കേണ്ടത്. വീടിന് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടെന്ന് തോന്നിയാല്‍ അകത്ത് പ്രവേശിക്കരുത്, വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശിക്കാവൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചുവരുകളില്‍ വലിയ വിള്ളലുകളുണ്ടോ?

തൂണുകള്‍ക്ക് കേടുപാടുകളുണ്ടോ?

മേല്‍ക്കൂര അപകടാവസ്ഥയിലാണോ?

പടികള്‍ക്ക് ബലക്കുറവുണ്ടോ?

വീടിന്റെ ഉള്ളില്‍ കയറിയാല്‍ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുക. വീടിനുള്ളിലെ ഈര്‍പ്പവും ദുര്‍ഗന്ധവും വിഷവാതകങ്ങളും പുറത്തുപോകാന്‍ ഇത് സഹായിക്കും.
വൈദ്യുതി ഓണാക്കാന്‍ തിടുക്കം വേണ്ട
വെള്ളത്തില്‍ നനഞ്ഞ വൈദ്യുത സംവിധാനങ്ങള്‍ ഗുരുതര അപകടമുണ്ടാക്കാം. മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. നനഞ്ഞ കൈകൊണ്ട് സ്വിച്ച് തൊടാന്‍ ശ്രമിക്കരുത്. വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ പൂര്‍ണമായും ഉണങ്ങിയതിന് ശേഷമേ ഉപയോഗിക്കാവൂ. വൈദ്യുതി വകുപ്പ് അല്ലെങ്കില്‍ ലൈസന്‍സുള്ള ഇലക്ട്രീഷ്യന്‍ പരിശോധിച്ചതിന് ശേഷം മാത്രം വൈദ്യുതി പുനഃസ്ഥാപിക്കുക.

ഗ്യാസ് ചോര്‍ച്ചയുണ്ടോ
വീട്ടില്‍ ഗ്യാസ് സിലിണ്ടറോ പൈപ്പ് ലൈന്‍ ഗ്യാസോ ഉണ്ടെങ്കില്‍, ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ ഉടന്‍ വീടിന് പുറത്തേക്ക് പോകുക. തീ കത്തിക്കരുത്. ലൈറ്റുകളുടെ സ്വിച്ച് ഓണാക്കുകയോ ഓഫ് ചെയ്യുകയോ ചെയ്യരുത്. ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുക.

വിഷജീവികളെ സൂക്ഷിക്കുക!
വെള്ളപ്പൊക്കത്തിന് ശേഷം വീടുകളില്‍ പാമ്പുകള്‍, എലി, തേള്‍, ചിലന്തികള്‍ പോലുള്ളവ ഒളിഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട്, അലമാരകളും കട്ടിലിനടിയും നന്നായി പരിശോധിക്കുക. ചെരുപ്പ്, ഷൂ പോലുള്ളവ ധരിക്കുന്നതിന് മുന്‍പ് പരിശോധിക്കണം. വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് കുടഞ്ഞു നോക്കുക. ഇരുണ്ട മുറികളിലേക്ക് ശ്രദ്ധിയില്ലാതെ കയറരുത്.

വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക
വൃത്തിയാക്കുന്നവര്‍ റബര്‍ ഗംബൂട്ട്, കട്ടിയുള്ള റബര്‍ ഗ്ലൗസ്, മാസ്‌ക്, കണ്ണട, ശരീരം മൂടുന്ന വസ്ത്രം എന്നിവ ധരിക്കുക. കൈകാലുകളിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ മുറിവുള്ളവര്‍ മലിനജലത്തില്‍ ഇറങ്ങരുത്. മുറിവില്‍ വെള്ളം തട്ടിയാല്‍ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് ഉടന്‍ കഴുകണം.ചെളിവെള്ളവുമായി സമ്പര്‍ക്കമുണ്ടായവര്‍ എലിപ്പനി പ്രതിരോധമരുന്ന് ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഇതിന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം തേടണം.

വീട് കഴുകല്‍
ആദ്യം ശുദ്ധജലവും സോപ്പ് അല്ലെങ്കില്‍ ഡിറ്റര്‍ജന്റും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്കടുത്ത ഭാഗങ്ങളില്‍ നിന്ന് താഴേക്ക് എന്ന ക്രമത്തില്‍ കഴുകുക.

ചുമര്‍, വാതില്‍, ജനല്‍, നിലം, മേശ, പ്ലാസ്റ്റിക്-മര ഫര്‍ണിച്ചര്‍ എന്നിവയിലെ ചെളിയും അഴുക്കും പൂര്‍ണമായി നീക്കിയ ശേഷമാണ് അണുനശീകരണം നടത്തേണ്ടത്.

ചെളിക്കു മുകളില്‍ നേരിട്ട് ബ്ലീച്ചിങ് പൗഡര്‍ വിതറുന്നത് ഫലപ്രദമല്ല.

വൈദ്യുത ഉപകരണങ്ങളില്‍ ബ്ലീച്ച് ലായനി ഒഴിക്കരുത്.

നിലവും ചുമരും അണുവിമുക്തമാക്കാന്‍ ഡി.സി.എസ് (DCS) ലായനി

കേരള ആരോഗ്യവകുപ്പിന്റെ പ്രളയാനന്തര മാര്‍ഗനിര്‍ദേശ പ്രകാരം വെള്ളപ്പൊക്കത്തിന് ശേഷം വീടിന്റെ നിലം, ചുമര്‍, വാതില്‍, ജനല്‍ തുടങ്ങിയവ അണുവിമുക്തമാക്കാന്‍ ഡിസിഎസ് (Disinfectant Cleaning Solution) ഉപയോഗിക്കാം.

ബ്ലീച്ചിങ് പൗഡര്‍ – സോപ്പുപൊടി അല്ലെങ്കില്‍ വാഷിങ് സോഡ മിശ്രിതമാണിത്.

അനുപാതം: 10 ലിറ്റര്‍ വെള്ളത്തിന് 150 ഗ്രാം ബ്ലീച്ചിങ് പൗഡറും 2-3 ടീസ്പൂണ്‍ വീതം സോപ്പുപൊടിയോ വാഷിങ് സോഡയോ.

തയ്യാറാക്കുന്ന വിധം: പ്ലാസ്റ്റിക് ബക്കറ്റില്‍ ബ്ലീച്ചിങ് പൗഡറും സോപ്പുപൊടിയും എടുക്കുക. കുറച്ച് വെള്ളം ചേര്‍ത്ത് കട്ടകളില്ലാത്ത പേസ്റ്റ് ഉണ്ടാക്കുക. ശേഷിക്കുന്ന വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക.

5-10 മിനിറ്റ് അടിയാന്‍ വെക്കുക. മുകളിലെ തെളിഞ്ഞ ലായനി ഉപയോഗിച്ച് നിലം, ചുമര്‍, വാതില്‍, കഴുകാവുന്ന ഫര്‍ണിച്ചര്‍ തുടങ്ങിയവ തുടയ്ക്കുക. മുറി തുറന്നുവെച്ച് ഉണങ്ങാന്‍ അനുവദിക്കുക.

ശ്രദ്ധിക്കുക: ആസിഡ്, ടോയ്ലറ്റ് ക്ലീനര്‍, വിനാഗിരി, അമോണിയ എന്നിവയുമായി ഒരിക്കലും ബ്ലീച്ചിങ് പൗഡറോ ബ്ലീച്ചോ കലര്‍ത്തരുത്. വിഷവാതകം ഉണ്ടാകാം. അടച്ച മുറിയില്‍ ഇത് ഉപയോഗിക്കരുത്.

ഒഴിവാക്കേണ്ടവ
വെള്ളത്തില്‍ മുങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുത്.

തുറന്ന പാക്കറ്റുകളിലെ അരി, മാവ്, മസാല, പാല്‍പ്പൊടി തുടങ്ങിയവ കളയുക.

ഫ്രിഡ്ജില്‍ വൈദ്യുതി ഇല്ലാതെ ദീര്‍ഘനേരം സൂക്ഷിച്ച ഭക്ഷണം

വെള്ളം കയറിയ മെത്ത, തലയണ, കാര്‍ഡ്‌ബോര്‍ഡ്, തെര്‍മോകോള്‍, കനത്ത പൂപ്പല്‍ പിടിച്ച വസ്തുക്കള്‍ സുരക്ഷിതമായി ഒഴിവാക്കുക.

കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുക
കിണര്‍ വെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് ശുചീകരിക്കുകയും അണുനശീകരണം നടത്തണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. സംശയമുള്ള വെള്ളം ഉപയോഗിക്കരുത്.

മുറിവുകളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക
കൈയിലോ കാലിലോ മുറിവുണ്ടെങ്കില്‍, നേരിട്ട് മലിനജലത്തില്‍ ഇറങ്ങരുത്. മുറിവ് മൂടി സംരക്ഷിക്കുക. അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടുക. പനി, ശരീരവേദന, തലവേദന, കണ്ണ് ചുവക്കുക, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ അവ?ഗണിക്കരുത്. പ്രത്യേകിച്ച് പ്രളയജലവുമായി സമ്പര്‍ക്കം ഉണ്ടായിരുന്നെങ്കില്‍ ചികിത്സ വൈകിക്കരുത്.

കുട്ടികളെയും വയോധികരെയും വൃത്തിയാക്കല്‍ ജോലികളില്‍ പങ്കെടുപ്പിക്കരുത്. മലിനജലവും രാസവസ്തുക്കളും പൊടിയും ഇവരെ കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.

ഫോട്ടോയും വീഡിയോയും എടുക്കണം
ഇന്‍ഷുറന്‍സ് ക്ലെയിമിനോ സര്‍ക്കാര്‍ സഹായത്തിനോ ഇത് ആവശ്യമായി വന്നേക്കാം. വീടിന്റെ കേടുപാടുകള്‍, വീട്ടുപകരണങ്ങളുടെ നഷ്ടം, വാഹനനാശം എല്ലാം രേഖപ്പെടുത്തുക.

വീട്ടിലേക്ക് മടങ്ങിയ ഉടന്‍ ചെയ്യരുതാത്ത കാര്യങ്ങള്‍
വൈദ്യുതി പരിശോധിക്കാതെ മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യരുത്.

നനഞ്ഞ വൈദ്യുത ഉപകരണങ്ങള്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കരുത്.

പ്രളയജലത്തില്‍ മുങ്ങിയ ഭക്ഷണം കഴിക്കരുത്.

പാമ്പിനെയോ മറ്റ് വിഷജീവികളെയോ സ്വയം പിടിക്കാന്‍ ശ്രമിക്കരുത്.

ചെരിപ്പില്ലാതെ നടക്കരുത്.

അണുനാശിനികളോ ക്ലീനിങ് രാസവസ്തുക്കളോ ഒരുമിച്ച് കലര്‍ത്തി ഉപയോഗിക്കരുത്.

പനി, മുറിവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights