ഇസ്ലാമബാദ്: കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ മെഡൽ പ്രതീക്ഷയായിരുന്ന പാകിസ്ഥാന്റെ അർഷാദ് നദീം ഇത്തവണ മോശം പ്രകടനമാണ് പുറത്തെടുത്തത്. താരത്തിന്റെ പ്രകടനം ആരാധകരേയും കോച്ചിങ് സ്റ്റാഫുകളേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. ഒളിംപിക് സ്വർണ മെഡൽ ജേതാവായ അർഷാദിന് കോമൺവെൽത്ത് ഗെയിംസിൽ 9ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പരിശീലനക്കുറവും അശ്രദ്ധയുമാണ് താരത്തിന്റെ ഇത്രയും മോശമായ പ്രകടനത്തിനു കാരണമെന്നു മുൻ പരിശീലകർ കുറ്റപ്പെടുത്തി.
പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് റെക്കോർഡുകൾ തകർത്ത് മുന്നേറിയ അർഷാദിന് ഗ്ലാസ്ഗോയിൽ 80 മീറ്റർ പോലും ജാവലിൻ എറിയാൻ കഴിഞ്ഞില്ല. കഴിഞ്ഞ നാല് വർഷമായി അർഷാദിന്റെ പ്രധാന എതിരാളിയായ ഇന്ത്യൻ താരം നീരജ് ചോപ്ര വെള്ളി നേടി മികവ് ആവർത്തിക്കുകയും ചെയ്തു. മറ്റൊരു ഇന്ത്യൻ താരം യശ്‍വീർ സിങിനാണ് വെങ്കലം.
മോശം പ്രകടനത്തിനു പിന്നാലെയാണ് അർഷാദിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നത്. പരിശീലനത്തിന്റെ കുറവും അനാസ്ഥയുമാണ് ഇതിന് കാരണമെന്ന് അദ്ദേഹത്തിന്റെ മുൻ പരിശീലകർ കുറ്റപ്പെടുത്തി. കോമൺവെൽത്ത് ഗെയിംസിൽ 12 പേരുണ്ടായിരുന്ന ഫൈനലിൽ അർഷാദ് 9ാം സ്ഥാനത്തേക്ക് വീണതിന് കാരണം മറ്റൊന്നുമല്ലെന്നും മുൻ പരിശീലകർ പറയുന്നു.’ഒളിംപിക്‌സ് നേട്ടത്തിന് പിന്നാലെ കുറേ ആളുകൾ അർഷാദിന്റെ ഇഷ്ടക്കാരായി പിന്നാലെ കൂടി. അതോടെ എന്റെ അടുത്തേക്ക് വരുന്നതും അർഷാദ് അവസാനിപ്പിച്ചു. ഒളിംപിക്സിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ ഒരു താരത്തെ സംബന്ധിച്ച് കോമൺവെൽത്ത് ഗെയിംസിലെ ഈ പ്രകടനം അങ്ങേയറ്റം നിരാശപ്പെടുത്തുന്നതാണ്’- ആദ്യകാല പരിശീലകൻ അക്രം സാഹി പറയുന്നു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു പരിശീലകനും സാഹിയുടെ അഭിപ്രായത്തോട് യോജിച്ചു.
‘അർഷാദിന്റെ പരിശീലകൻ സൽമാൻ ബട്ട് ജാവലിൻ ത്രോയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ്. വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. ഡിസ്‌കസ് ത്രോ താരമായിരുന്നു. അദ്ദേഹം എപ്പോഴും അർഷാദിനു പിന്നാലെയാണ്. ആ പരിശീലനം അർഷാദ് നദീമിന്റെ പ്രകടനത്തെ ദേഷകരമായി ബാധിച്ചു.”അർഷാദ് അതിമോഹിയായി. ഒളിംപിക്സ് പ്രകടനത്തിൽ തൃപ്തനും പിന്നീട് അലസനുമായി മാറി. പരിശീലനം നടത്താനോ കഠിനാധ്വാനം ചെയ്യാനോ അയാൾ ശ്രമിച്ചില്ല. ദക്ഷിണാഫ്രിക്കൻ കോച്ച് ടെർസിയസ് ലീബൻബെർഗിന്റെ കീഴിലുള്ള പരിശീലനത്തിന് ശേഷമാണ് അദ്ദേഹം ഒളിംപിക്‌സ് സ്വർണം നേടിയത്. ഇതിലൂടെ നല്ല പ്രതിഫലവും അദ്ദേഹത്തിന് ലഭിച്ചു. ജീവിതസാഹചര്യങ്ങളും മാറി. ദക്ഷിണാഫ്രിക്കയിലേക്ക് വീണ്ടും പരിശീലനത്തിന് പോകാനുള്ള പണം അദ്ദേഹത്തിന്റെ കൈയിലുണ്ട്. എന്നാൽ, ഇപ്പോഴും ഫെഡറേഷനും സർക്കാറും പണം തരുന്നതിനായി അദ്ദേഹം കാത്തിരിക്കുകയാണ്’.
’ഒളിംപിക്സ് സ്വർണ നേട്ടത്തിനു പിന്നാലെ അർഷാദിനു 30 കോടിയോളം രൂപ സമ്മാനമായി ലഭിച്ചു. അതിനു ശേഷം അർഷാദ് ബിസിനസ് സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജന്മനാടായ മിയാൻ ചന്നുവിൽ കല്യാണ മണ്ഡപവും റസ്റ്റോറന്റും അദ്ദേഹം നിർമിക്കുന്നുണ്ട്. ഈ ബിസിനസുകളിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ. ഒരു കായിക താരം ഒരിക്കലും ഇങ്ങനെയൊന്നും ആകരുത്.’
ആരാധകരും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഒളിംപിക്സ് നേട്ടത്തിനു പിന്നാലെ അധികൃതർ വാരിക്കോരി പ്രതിഫലം അദ്ദേഹത്തിനു നൽകി അമിതമായി ലാളിക്കുകയാണ് ചെയ്തത്. അതിനു പകരം പ്രകടനത്തിൽ സ്ഥിരത നിലനിർത്താൻ വിദേശ രാജ്യത്തേക്ക് പരിശീലനത്തിനു അയക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.









