നഗോയ: ഏഷ്യൻ ഗെയിംസ് ഔദ്യോഗിക ഉദ്ഘാടന വേദിയിൽ ഇന്ത്യൻ സംഘത്തെ ഷോട്പുട്ട് താരം തജീന്ദർപാൽ സിങ് നയിക്കില്ല. ഷൂട്ടിങ് താരം മനു ഭക്കറിനൊപ്പം മുതിർന്ന കബഡി താരം പവൻ സെഹ്‍രാവത് ഇന്ത്യൻ പതാകയേന്തും. നേരത്തെ തജീന്ദർപാൽ സിങിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ താരം ഒദ്യോഗിക വസ്ത്രം എടുത്തില്ലെന്നു വ്യക്തമാക്കിയതോടെയാണ് സെഹ്‍രാവതിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ കബഡിയിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ നിർണായകമായി നിന്ന താരമാണ് പവൻ സെഹ്‍രാവത്.
ഔദ്യോഗിക വസ്ത്രങ്ങൾ ഉദ്ഘാടന ദിവസമായ ശനിയാഴ്ച വൈകീട്ട് 3 മണിയോടെ മാത്രമേ നഗോയ വിമാനത്താവളത്തിൽ എത്തുകയുള്ളു എന്നു അറിയിപ്പ് കിട്ടിയതായി താരം ഇന്ത്യൻ ക്യാംപിൽ അറിയിക്കുകയായിരുന്നു. കിറ്റ് വിമാനത്താവളത്തിൽ പോയി എടുത്തു കൊണ്ടുവന്ന ശേഷം ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കില്ലെന്നും താരം അറിയിച്ചു.അത്‍ലറ്റിക്സ് ടീം സെപ്റ്റംബർ 13 മുതൽ ടോക്യോയ്ക്ക് സമീപമുള്ള ടുകുബ സർവകലാശാലയിൽ പരിശീലനത്തിലാണ്. അത്‍ലറ്റിക്സ് മത്സരങ്ങൾ ഈ മാസം 23 മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യൻ ടീം 21നാണ് നഗോയയിൽ എത്തുക. അത്‍ലറ്റുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല. അതിനാൽ തന്നെ അവരുടെ പക്കൽ ഔദ്യോഗിക വസ്ത്രങ്ങളുമില്ല. ഒക്ടോബർ 4ന് നടക്കുന്ന സമാപന ചടങ്ങിലും അത്‍ലറ്റിക്സ് ടീം പങ്കെടുക്കില്ല.





