മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ആനന്ദ് മന്മഥൻ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രംഗം തിയറ്റർ സ്ക്രീനിൽ കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.
പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിൽ തന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആനന്ദ് ഇപ്പോൾ. “എനിക്കറിയാം, ഞാൻ മമ്മൂക്കയുടെ കൂടെ അഭിനയിച്ചു കഴിഞ്ഞതാണ്. ഇതാ ആ സീൻ സ്ക്രീനിൽ വരാൻ പോകുകയാണ്. അത് കാണാൻ തയ്യാറായി ഞാൻ ഇരുന്നു.
പക്ഷേ, ഒരൊറ്റ ഫ്രെയിമിൽ അദ്ദേഹത്തിന്റെ ഒപ്പം എന്നെ കണ്ട ആ നിമിഷത്തിൽ, കഴിഞ്ഞ പത്ത് വർഷങ്ങളായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഓർമ്മകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും നിരാശകളുടെയും കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും എല്ലാം ആകെത്തുക ഒരൊറ്റ ബിന്ദുവിലേക്ക് വന്ന് നിറഞ്ഞു.കവിഞ്ഞു.അത് ഞാൻ പോലും അറിയാതെ, അടുത്തിരുന്ന കണ്ണൻ ചേട്ടന്റെ കൈ പിടിച്ച് മുറുക്കി. ഒരു കൊച്ചുകുട്ടിയെ പോലെ ഞാൻ അലറി: “നോക്കണ്ണാ… ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ!” അത് പറയുമ്പോൾ എന്റെ ശബ്ദമിടറി. ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി…ഞാൻ ഇപ്പോൾ പറഞ്ഞ ആ വാചകത്തിന്റെ ഗ്രാവിറ്റി എന്തായിരുന്നു ?“ഞാനും സിനിമയുടെ മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ.” അതും ഒരു സീനിൽ… അദ്ദേഹം എന്നോട് സംസാരിക്കുകയാണ്. അതൊരു മനോഹരമായ നിമിഷമായിരുന്നു. ഞാൻ എന്റെ സ്വപ്നത്തിലാണ് ജീവിക്കുന്നത്. ജീവിതം നല്ലതാണ്. ഒത്തിരി നന്ദി രഞ്ജിത്ത് സർ, ഉദയേട്ടൻ, കൂടെ നിന്ന എല്ലാവർക്കും”.- ആനന്ദ് മന്മഥൻ പറഞ്ഞു.





