നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുന്ന ‘സിഗ്മ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് ജേസൺ ഇപ്പോൾ. കഴിഞ്ഞ ദിവസം ‘സിഗ്മ’യുടെ തെലുഗു പ്രൊമോഷൻ പരിപാടിക്കിടെ ജേസൺ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
അച്ഛൻ വിജയ്‌യെക്കുറിച്ച് ജേസൺ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘സിഗ്മ’യുടെ പ്രൊമോഷൻ പരിപാടികളിൽ അച്ഛൻ വിജയ് സഹായിക്കില്ലേ’ എന്നായിരുന്നു ജേസണോടുള്ള ചോദ്യം. “അച്ഛൻ ‘സിഗ്മ’യുടെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹം വരില്ല.
കാരണം, സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, മറ്റു കാര്യങ്ങൾ തമ്മിൽ കൂടിക്കലരുന്നത് എനിക്ക് താല്പര്യമില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്.ഞാൻ എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് കാണാൻ അദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനായി അദ്ദേഹം ആവേശത്തിലാണ്”. – ജേസൺ സഞ്ജയ് പറഞ്ഞു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിഗ്മ ഒരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സന്ദീപ് കിഷൻ ആണ് നായകനായെത്തുന്നത്.





